തിരുവനന്തപുരം: ഗർഭിണിയായ ആന സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ചു ചരിഞ്ഞ സംഭവത്തിൽ ഇപ്പോൾ ജനങ്ങൾക്കുള്ള ആശങ്ക വെറുതെയാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമനടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കൃത്യമല്ലാത്ത വിവരണങ്ങളും പകുതി സത്യങ്ങളും അടിസ്ഥാനമാക്കിയുള്ള നുണകൾ സത്യത്തെ ഇല്ലാതാക്കാൻ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചിലർ വർഗീയതയെയും ഇതിലേക്ക് കൂട്ടിക്കലർത്താൻ ശ്രമിച്ചുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Also Read: ഒരു ജില്ലയെക്കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിൽ ലജ്ജ തോന്നുന്നു: പാർവതി തിരുവോത്ത്

എന്നാൽ നിർഭാഗ്യകരമായ സംഭവം നടന്ന സ്ഥലം പാലക്കാട് ജില്ലയിലാണെന്നും മലപ്പുറം ജില്ലയിലല്ലെന്നും കേരള വനം വകുപ്പ് ട്വിറ്ററിൽ വ്യക്തമാക്കി. മലപ്പുറം ജില്ലയിലാണ് സംഭവം എന്ന തരത്തിൽ നിരവധി വിദ്വേഷ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇതിനെതിരെയും നിരവധി ആളുകൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള വനം വകുപ്പും സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.

Also Read: ഗർഭിണിയായ ആന ചരിഞ്ഞ സംഭവം: അന്വേഷണ പുരോഗതി കണ്ടെത്താനാവാതെ വനം വകുപ്പ്

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റ് നേരത്തെ വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ വർധിച്ചത്. കേരളത്തിലെയും ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവർ മലപ്പുറം എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് സംഭവത്തോട് പ്രതികരിച്ചത്. യുവമോർച്ച നേതാവും ബിജെപി വക്താവുമായ സന്ദീപ് വാര്യരും ഇതിൽ ഉൾപ്പെടുന്നു.

‘സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ’ എന്നയിരുന്നു മനേക ഗാന്ധിയുടെ ട്വീറ്റ്.

അതേസമയം, ആന ചരിഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് സംസ്ഥാനത്തോട് വിശദീകരണം തേടിയത്. കുറ്റക്കാര്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ജില്ലാ പൊലീസ് മേധാവിയും വനം ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.