Latest News

പത്ത് വർഷത്തിനിടെ അഞ്ച് പേർ മരണപ്പെട്ടു; ദേവനന്ദയുടെ മരണത്തിൽ അന്വേഷണം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി

മനസിൽ നിന്ന് ഒരിക്കലും മായത്ത വേദനയാണ് ദേവനന്ദയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലം ഇളവൂരിൽ ഏഴു വയസുകാരി ദേവനന്ദയുടെ മരണത്തിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവനന്ദയുടെ മരണം നമ്മുടെയെല്ലാം ദുഃഖമാണെന്നും കുട്ടിയെ കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധ്യമായ എല്ലാശ്രമങ്ങളും നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് നിയമസഭയിൽ സമർപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കാലത്തിനുപോലും മായ്ക്കാനാകാത്തതാണ് ദേവനന്ദയുടെ അച്ഛനമ്മമാരുടെ ദുഃഖമെന്നും നമ്മുടെ മനസിൽ നിന്ന് ഒരിക്കലും മായത്ത വേദനയാണ് ദേവനന്ദയെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന പരാതി ലഭിച്ചതു മുതൽ പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാകെ കണ്ടെത്തുന്നതിനുള്ള എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ഉറക്കമിളച്ചാണ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“ഗവണ്‍മെന്റ് പൊതുവിലും, ഞങ്ങളൊക്കെ തന്നെയും ഓരോ ഘട്ടത്തിലും ആ നാടിന്റെയും ആ കുടുംബത്തിന്റേയും ഉത്കണ്ഠ പങ്കിട്ടുകൊണ്ടാണിരുന്നത്. ചെറിയ ഇടവേളകളില്‍ ആ കുഞ്ഞിനെക്കുറിച്ച് വിളിച്ച് അന്വേഷിച്ചു കൊണ്ടേയിരുന്നു. ഏതുവിധേനയും കുഞ്ഞിനെ ജീവനോടെ കണ്ടെത്തുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടും അതിന് മേല്‍നോട്ടം വഹിച്ചുകൊണ്ടുമിരുന്നു. എല്ലാ പ്രതീക്ഷകളും അവസാനിപ്പിക്കുംവിധമാണ് ആ തെരച്ചില്‍ അവസാനിച്ചത്.”

പല ഊഹാപോഹങ്ങളും അനുമാനങ്ങളും ഈ സംഭവത്തെ തുടര്‍ന്നുണ്ടായി. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലേ പോലീസിനു നീങ്ങാനാവൂ. ശാസ്ത്രീയമായ അന്വേഷണ വഴിയില്‍ പൊലീസ് തന്നെ ഒടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നതു അറിയാമല്ലോ. അടിയൊഴുക്കുള്ള സ്ഥലമാണ് ആ ബണ്ട്. കനാല്‍ തുറന്നിരുന്നതിനാല്‍ വലിയ ശക്തിയില്‍ ജലപ്രവാഹമുണ്ടായിരുന്നുതാനും.

ഈ സ്ഥലത്ത് പത്തുവര്‍ഷത്തിനുള്ളില്‍ അഞ്ചുപേര്‍ മരണപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ അപായകരമായ സ്ഥാനമാണിത്. അവിടെ വള്ളിക്കിടയില്‍ കുഞ്ഞിന്റെ മൃതദേഹം കുടുങ്ങിക്കിടന്നതു കണ്ടെത്തിയതില്‍ നിന്നുതന്നെ പൊലീസിന്റെ അന്വേഷണ വഴികള്‍ ശരിയായിരുന്നു എന്നു തെളിയുന്നുണ്ട്.

27-ന് കാലത്ത് കാണാതായ വിവരമറിഞ്ഞയുടന്‍തന്നെ പൊലീസ്-ഫയര്‍ സെക്യൂരിറ്റി വിഭാഗങ്ങൾ അന്വേഷണം കേന്ദ്രീകരിച്ചത് ഇവിടെ തന്നെയാണ്. പിന്നീട് വളരെ സാമര്‍ത്ഥ്യമുള്ള പൊലീസ് നായ തലേദിവസം ദേവനന്ദ ധരിച്ചിരുന്ന വസ്ത്രം മണത്തിട്ട് നേരേ പോയത് വള്ളക്കടവിലേക്കു തന്നെ. അവിടെ അതിന്‍റെ വഴി അടഞ്ഞു. തുടര്‍ന്ന് അവിടം കേന്ദ്രീകരിച്ച് അന്വേഷിക്കുകയായിരുന്നു. 28-ന് രാവിലെ അഞ്ചു മണിക്ക് പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും കോസ്റ്റല്‍ വാര്‍ഡന്‍മാരുടെയും സഹായത്തോടെ പള്ളമണ്‍ ആറില്‍ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ പള്ളിമണ്‍ ആറിലെ തടത്തില്‍മുക്കില്‍ നടന്ന തിരച്ചിലില്‍ 400 മീറ്റര്‍ മാറിയ ഭാഗത്ത് ദേവനന്ദയുടെ ദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. രക്ഷാകര്‍ത്താക്കളും തിരിച്ചറിഞ്ഞു.

കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍തന്നെ വയര്‍ലസ്സ് മെസ്സേജ് മുഖാന്തിരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും റയില്‍ അലര്‍ട്ടുകളിലേക്കും ജാഗ്രതാ സന്ദേശങ്ങള്‍ അയച്ചു. കേന്ദ്ര വെബ് പോര്‍ട്ടലായ ട്രാക്ക് ചൈല്‍ഡില്‍ വിവരം നല്‍കി. വാട്‌സ്അപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയും വിവരങ്ങള്‍ നല്‍കി. കുഞ്ഞിന്റെ ചിത്രങ്ങളും അടയാളങ്ങളും പ്രചരിപ്പിച്ചു. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി എന്നര്‍ത്ഥം.

13 അംഗ അന്വേഷണസംഘം രൂപീകരിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അമ്പതോളം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തിരച്ചില്‍ നടത്തി. ഡോഗ് സ്‌ക്വോഡ്, സയന്റിഫിക് എക്‌സ്‌പെര്‍ട്ട്, ഫിംഗര്‍ പ്രിന്റ് എക്‌സ്‌പെര്‍ട്ട് എന്നിവരുടെ സേവനങ്ങള്‍ ഉപയോഗിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. വീടിനു സമീപത്തൂടെ ഒഴുകുന്ന പള്ളിമണ്‍ ആറില്‍ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളുടെ സേവനം ഉപയോഗിച്ച് തിരച്ചില്‍ നടത്തി.

കേസിന്റെ കേരള പോലീസ് ആക്ട് 57(1)(എ) പ്രകാരമുളള വകുപ്പ് സിആര്‍പിസി 174 എന്ന് ഭേദഗതി ചെയ്തിട്ടുണ്ട്. സയന്റിഫിക് എക്‌സ്പര്‍ട്ട്, ഫിംഗര്‍പ്രിന്റ് എക്‌സ്പര്‍ട്ട്, ഫോട്ടോഗ്രാഫര്‍ എന്നിവരുടെ സഹായത്തോടെ ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തി.

പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ മുങ്ങിമരണമാണെന്നും കൂടുതല്‍കാര്യങ്ങള്‍ ലാബോറട്ടറി ഫലങ്ങള്‍ ലഭിച്ചതിന് ശേഷം അറിയിക്കാമെന്നുമാണ് രേഖപ്പെടുത്തിയത്. കാണാതായ കുട്ടി ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ദേവനന്ദയുടെ മൃതദേഹത്തില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറി, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan on devanandas death

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express