തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പിന്നാലെ പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പൊലീസ് മൃദുസമീപനം സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“കോതമംഗലത്ത് ഡെന്റൽ വിദ്യാര്‍ഥിനിയുടെ കൊലപാതകം വളരെ കൃത്യമായി ആസൂത്രണം ചെയ്താണ് നടപ്പാക്കിയത്. സൈബര്‍ ലോകത്ത് അതിവിപുലമായ ചതിക്കുഴി ഒരുക്കി ഒരു കൂട്ടര്‍ നീങ്ങുകയാണ്. വലിയ തോതില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണിത്. പെണ്‍കുട്ടികള്‍ ഒരു നിശ്ചിത പ്രായത്തിലെത്തുമ്പോള്‍ ചതിക്കുഴിയില്‍ പെടുത്താനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.
“ഇത്തരം പ്രശ്നങ്ങള്‍ കേവലം സൈബര്‍ രീതിയില്‍ മാത്രം കൈകാര്യം ചെയ്താല്‍ പോരാ. മാനസികമായും കുട്ടി ഇതിനോട് അടിപ്പെട്ട് പോയിട്ടുണ്ട്. അതില്‍ നിന്ന് മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ കൂടി നടത്തേണ്ടതുണ്ട്. അത്തരത്തിലാണ് പലരേയും മോചിപ്പിച്ചിട്ടുള്ളത്,” പിണറായി വിജയന്‍ വ്യക്തമാക്കി.
“പൊലീസ് അന്വേഷണം ഇത്തരം കേസുകളില്‍ പ്രധാനമാണ്. ജിഷ കൊലക്കേസില്‍ ഒരു തെളിവും ഇല്ലായിരുന്നുവെന്നാണ് കരുതിയിരുന്നത്. ഫലപ്രദമായ അന്വേഷണത്തിലൂടെ കേസ് തെളിയിക്കാനും കുറ്റവാളിയെ കണ്ടെത്താനും സാധിച്ചു. ഇനിയും ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: സംസ്ഥാനത്ത് മദ്യം വാങ്ങാനും നിബന്ധനകള്‍; മാളുകള്‍ ഇന്ന് മുതല്‍ തുറക്കും