സംസ്ഥാനത്ത് ലോക്ക്ഡൗൺ സമയത്ത് യാത്ര ചെയ്യുന്നതിനുള്ള പാസിനായി വളരെ അത്യാവശ്യക്കാർ മാത്രമേ അപേക്ഷിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്നവർക്ക് സത്യവാങ്മൂലം കയ്യില്‍ കരുതി യാത്ര ചെയ്യണമെന്നും ഇ-പാസിന് ഇതിനായി അപേക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“ആശുപത്രിയിൽ പോവുമ്പോൾ തിരിച്ചറിയൽ കാർഡ് കയ്യിലുണ്ടാവണം. 75 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഡ്രൈവർമാർക്ക് പുറമെ രണ്ട് സഹായികളെ അനുവദിക്കാം,” മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗൺ സമയത്ത് അടിയന്തിര യാത്ര വേണ്ടവർക്ക് പാസ് നൽകാൻ ഓൺലൈൻ സംവിധാനം വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിൽ പാസിന് അപേക്ഷിക്കാം. പോൽ പാസിന്റെ സ്ക്രീൻഷോട്ട് പരിശോധനാ സമയത്ത് കാണിച്ചാൽ മതിയാവും. ദിവസ വേതന തൊഴിലാളികൾ, ഹോം നഴ്സുമാർ എന്നിവർക്ക് ലോക്ഡൗൺ തീരുന്നത് വരെ പാസിന് അപേക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: ഓക്സിജന്‍ വിതരണത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍; സേവനം മേയ് 13 മുതല്‍
ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയവരിൽ രോഗം സംശയിക്കുന്ന വർക്ക് മാത്രം ആർടിപിസിആർ ടെസ്റ്റ് നടത്തിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ആർടിപിസിആർ റിസൾട്ട് വൈകുന്ന പ്രശ്നം നിലവിലുണ്ട്. മികച്ച ഫലം നൽകുന്ന ആന്റിജൻ കിറ്റുകൾ ലഭ്യമായിട്ടുണ്ട്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയവരിൽ രോഗം സംശയിക്കുന്ന വർക്ക് മാത്രം ആർ ടി പിസി ആർ നടത്തുന്നതാവും ഈ ഘട്ടത്തിൽ പ്രയോഗികം. ഐസിഎംആറിന്റെ പുതിയ മാർഗ്ഗനിർദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.