തിരുവനന്തപുരം: ഇന്ത്യയുടെ മതനിരപേക്ഷ- ജനാധിപത്യ സ്വഭാവത്തിന് നേരേയുള്ള കടന്നാക്രമണമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണെന്നും ബില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ മതനിരപേക്ഷമായ ഐക്യത്തെ ചോര്‍ത്തിക്കളയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തിന്റെ മതനിരപേക്ഷമായ ഐക്യത്തെ ചോര്‍ത്തിക്കളയുന്നതാണ് അസാധാരണമായ വാശിയോടെയും തിടുക്കത്തോടെയും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ ബില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യക്കാരായ എല്ലാവര്‍ക്കും മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ ലിംഗത്തിന്റെയോ തൊഴിലിന്റെയോ ഒന്നും ഭേദവിചാരങ്ങളില്ലാതെ ഇന്ത്യന്‍ പൗരത്വം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പൗരത്വ ഭേദഗതി ബില്ലിലൂടെ ഈ ഉറപ്പ് ഇല്ലാതാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: പൗരത്വ ഭേദഗതി ബിൽ: കൃത്യമായ മറുപടി ലഭിക്കാതെ രാജ്യസഭയിൽ പിന്തുണയ്ക്കില്ലെന്ന് ശിവസേന

“അവകാശങ്ങള്‍ നിഷേധിക്കുന്നത് സാമാന്യനീതിയുടെ തന്നെ നിഷേധമാണ്. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നെത്തുന്ന ആറ് മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. ഈ രണ്ട് മാനദണ്ഡങ്ങളും ഒഴിവാക്കപ്പെടണം. ബില്ലില്‍ പറയുന്ന മൂന്നു രാജ്യങ്ങളില്‍ നിന്നല്ലാതെ ശ്രീലങ്കയില്‍ നിന്നുള്‍പ്പെടെ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്നത് സംഘപരിവാറിന് അറിയാത്തതല്ല.”

Also Read: പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്‌ക്കെതിരായ ആക്രമണം: രാഹുൽ ഗാന്ധി

സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പ്പര്യമാണ് ഈ ഭേദഗതിബില്ലിന് അടിസ്ഥാനം. ഭരണഘടനയിലെ പൗരത്വം സംബന്ധിച്ച അനുഛേദങ്ങളും മൗലിക അവകാശങ്ങളുമെല്ലാം ലംഘിക്കപ്പെടുകയാണിവിടെ. ഇന്ത്യ എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്. അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കുന്നത് ഈ നാടിനെ പിന്നോട്ടടിപ്പിക്കാനെ ഉപകരിക്കൂ. നാം പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയെ ചെയ്യൂ. അതൊരിക്കലും അനുവദിച്ചുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: അമിത് ഷായ്‌ക്ക് ഉപരോധമേര്‍പ്പെടുത്തണം; പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് യുഎസ് കമ്മിഷന്‍

അതേസമയം ഏറെ വിവാദങ്ങള്‍ക്ക് കാരണമായ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയിൽ പാസായിരിക്കുകയാണ്. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. രാത്രി ഏറെ വൈകിയുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി 12.02 നാണ് വിവാദ ബില്‍ ലോക്‌സഭ പാസാക്കിയത്. ലോക്‌സഭ പാസാക്കിയ ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ എത്തും. രാജ്യസഭയിലും ബില്‍ പാസാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി സര്‍ക്കാര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.