തിരുവനന്തപുരം: സംസ്ഥാന പൊലീസ് ബെറ്റാലിയനിൽ നിന്ന് വെടിക്കോപ്പുകൾ കാണാനില്ലെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയെ സ്ഥാനത്തുനിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ബെഹ്റയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് കത്ത് സമർപ്പിച്ചതിനെ കുറിച്ചുള്ള​ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എനിക്ക് അത്തരം കത്തൊന്നും കിട്ടിയിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഡിജിപി ലോക്നാഥ് ബെഹ്‍റയും എഡിജിപി മനോജ് എബ്രഹാമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘സാധാരണ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നടപടിക്രമങ്ങളിലൂടെ പരിഹരിക്കാറാണ് പതിവ്. അത് ഇവിടെ പറയേണ്ട കാര്യം തന്നെയില്ല. ഇത് പറയേണ്ട ഫോറങ്ങളിൽ വിശദീകരിക്കും’, എന്നായിരുന്നു പിണറായിയുടെ മറുപടി.

Read More: ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ വിവരം പാർട്ടികൾ പ്രസിദ്ധീകരിക്കണം: സുപ്രീം കോടതി

താൻ ഇതിൽ എന്തെങ്കിലും പ്രതികരണം നടത്തുന്നത് ചട്ടലംഘനമാകുമെന്നും പറയാനുള്ളതെല്ലാം ഔദ്യോഗികമായ പ്രസ്താവനയിലൂടെ അറിയിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റയും ഒന്നും പറയാനില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസും വ്യക്തമാക്കി.

ഡിജിപി ഫണ്ട് വകമാറ്റിയെന്നാണ് ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരായ ആരോപണം. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് നിയമവിരുദ്ധമെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാതെ ആഡംബര വാഹനങ്ങൾ വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാൻ മാർഗനിർദേശമുണ്ടായിരുന്നു. എന്നാൽ, അതെല്ലാം ലംഘിച്ചാണ് ഡിജിപി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ എൻഐഎയും സിബിഐയും അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗുരുതരമാണെന്നും പൊലീസിന്റെ ആയുധങ്ങൾ നഷ്ടപ്പെട്ടതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാന പൊലീസ് വകുപ്പില്‍ നടക്കുന്ന അഴിമതിയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ക്രമക്കേട് ആരോപണം നേരിടുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിനിർത്തണം. ആയുധങ്ങൾ കാണാതായ സംഭവം രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാൽ എൻഐഎ അന്വേഷിക്കണം. പൊലീസിലെ മറ്റു ക്രമക്കേടുകൾ സിബിഐ അന്വഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.