തിരുവനന്തപുരം: ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ലെന്നും ശക്തമായ പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്ത ശേഷം പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പാളയത്ത് മനുഷ്യ മഹാ ശൃംഖലയുടെ ഭാഗമായത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാളയത്താണ് ശൃംഖലയുടെ ഭാഗമായത്.

പൗരത്വ ഭേദഗതി മതാടിസ്ഥാനത്തിൽ മനുഷ്യരെ വിഭജിക്കുന്നതാണെന്നും നിയമം റദ്ദാക്കുന്നതു വരെ വിശ്രമമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയോ പൗരത്വ രജിസ്റ്ററോ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കേരളം പ്രഖ്യാപിച്ചിട്ടുണ്ടെന്നു ഇതൊന്നും നടപ്പാക്കുന്ന നാടല്ല കേരളമെന്നും പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ അതുകൊണ്ടു മാത്രമായില്ലെന്നും നിയമം റദ്ദാക്കും വരെ വിശ്രമിക്കാൻ സമയമില്ലെന്നും മുഖ്യമന്ത്രി.

Also Read: കൈകോർത്ത് കേരളം; ഇടതുപക്ഷത്തിന്റെ മനുഷ്യ മഹാ ശൃംഖലയിൽ അണിനിരന്ന് ലക്ഷങ്ങൾ

” മതം നോക്കി പൗരത്വം നിർണയിക്കുന്ന ഈ കാടൻ നിയമത്തിന്‌ ലോകമാകെ എതിരാണ്‌. ഭരണാധികാരികൾ ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദാക്കി. ഐക്യരാഷ്ട്ര സഭപോലും വിയോജിപ്പ്‌ രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ, യുവജനങ്ങൾ, പണ്ഡിതർ, എല്ലാവരും തെരുവിലിറങ്ങി. കാലാസഹാത്യ രംഗത്തുള്ളവർ തങ്ങളുടെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തി. ചലച്ചിത്രലോകത്തും വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നുവന്നു. സാധാരണഗതിയിൽ പൊതുവെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാത്ത സെലിബ്രേറ്റികൾപോലും നിയമത്തിനെതിരെ രംഗത്തുവന്നു. പൗരത്വ ഭേദഗതി നിയമം പാസാക്കിയതോടെ അതിനെതിരെ പ്രതിഷേധവുമായി നമ്മുടെ നാട്‌ ഒന്നിച്ചണിനിരക്കുകയായിരുന്നു.”

Also Read: മനുഷ്യ മഹാ ശൃംഖലയ്ക്കിടെ പ്രതിഷേധം; കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളുടെ നില ഗുരുതരം

നമുക്ക്‌ വിശ്രമിക്കാൻ പറ്റില്ല. നാടിന്റെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്താനും മതനിരപേക്ഷത തകർക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ പേരാട്ടം ശക്തമായി തുടരണമെന്നും ഭരണഘടനയുടെ എല്ലാ മൂല്യങ്ങളും സംരക്ഷിക്കാൻ ഭരണഘടനാ ആമുഖത്തിൽ പറയുന്നതുപോലെ അതിനായി സ്വയം സമർപ്പിക്കാമെന്നും എല്ലാവരും അതിനായി സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയായിരുന്നു മനുഷ്യ മഹാ ശൃംഖല. 620 കിലോമീറ്ററാണ് മനുഷ്യ മഹാ ശൃംഖല. 3.30-ന് കാസർഗോഡ് നിന്ന്‌ റോഡിന്റെ വലതുവശം ചേർന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്‌സൽ നടന്നു. നാലിന്‌ പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന്‌ പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി. മതമേലധ്യക്ഷന്മാരും വിവിധ രാഷ്ട്രീയ നേതാക്കളും ശൃംഖലയിൽ കണ്ണികളായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.