കോഴിക്കോട്: ഒരു തരത്തിലുള്ള ഭീഷണിയും ഈ നാട്ടിൽ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം സുരക്ഷിത കോട്ടയിലാണ് കഴിയുന്നതെന്നും ആർഎസ്എസിന്റെ മനസിലിരിക്കുന്നത് നടപ്പാക്കിക്കൊടുക്കാനല്ല കേരളത്തിലെ സർക്കാരെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി. കോഴിക്കോട് ഭരണഘടന സംരക്ഷണ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കേണ്ടി വരുമെന്നും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വീടുവീടാന്തരം കയറി ദേശീയ പൗരത്വ രജിസ്റ്ററിന്റെ ഒരു നടപടിയും ഇവിടെ നടക്കില്ലെന്നും സാധാരണ നടക്കുന്ന സെൻസസിനപ്പുറം ഒരു സെന്റിമീറ്റർ പോലും മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി.
“മോദി സർക്കാർ ആർഎസ്എസ് നയം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അവർ ഭരണഘടനാമൂല്യങ്ങളോട് താൽപര്യം കാണിക്കുന്നില്ല. ഭരണഘടനയെ തകർക്കാനുള്ള ശ്രമം പാർലമെന്റിനുള്ളിൽ തന്നെ നടക്കുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആർഎസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെയാണ് കാണുന്നത്. മുസ്ലീം വിഭാഗത്തെ പ്രത്യേക ലക്ഷ്യത്തോടെയാണ് ബിജെപി സർക്കാർ പരിഗണിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ജനസംഖ്യാ രജിസ്റ്റർ വലിയ ചതിക്കുഴിയാണ്. പൗരത്വ രജിസ്റ്ററിന് മുന്നോടിയായാണ് ജനസംഖ്യാ രജിസ്റ്റർ തയാറാക്കുന്നത്. ഇത് മുസ്ലീമിന്റെ മാത്രം പ്രശ്നമല്ലെന്നും മതനിരപേക്ഷതയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.