scorecardresearch

‘ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടന്നത് പ്രതിഷേധം, എട്ട് പേരെ അറസ്റ്റ് ചെയ്തു’; റെയ്ഡ് ബിബിസി വിഷയവുമായി താരതമ്യം ചെയ്യണ്ടെന്നും മുഖ്യമന്ത്രി

നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി

‘ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടന്നത് പ്രതിഷേധം, എട്ട് പേരെ അറസ്റ്റ് ചെയ്തു’; റെയ്ഡ് ബിബിസി വിഷയവുമായി താരതമ്യം ചെയ്യണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫിസില്‍ അതിക്രമിച്ച് കയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ നിയമസഭയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി സി വിഷ്ണുനാഥ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ 2022 നവംബര്‍ മാസം പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയാലാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു വീഡിയോ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. 2022 ആഗസ്റ്റ് മാസം മൈനറായ മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പ്രസ്തുത കേസിന് ആസ്പദമായ വീഡിയോയിലെ ഓഡിയോ സംഭാഷണം മറ്റൊരു കുട്ടിയെ ഉപയോഗിച്ച് പുനര്‍സൃഷ്ടിച്ച് സംപ്രേക്ഷണം ചെയ്തുവെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. ഇതു സംബന്ധിച്ച് എംഎല്‍എ ശ്രീ പി വി അന്‍വര്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം നം. 101/2023 ആയി ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

മേല്‍ച്ചേര്‍ത്ത കേസിന് ആസ്പദമായ വീഡിയോ നിര്‍മ്മാണത്തെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അതിന് ദുരുപയോഗിച്ചുവെന്നും മറ്റുമുള്ള സംഭവത്തിനെതിരായി സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധം ഉയര്‍ന്നുവരികയുണ്ടായി. എറണാകുളം ജില്ലയില്‍ പ്രസ്തുത ചാനലിന്റെ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒരു പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

ഓഫീസിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി, ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന സ്ഥാപനത്തിന്റെ പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 149, 447, 506 വകുപ്പുകള്‍ പ്രകാരം ക്രൈം നമ്പര്‍ 454/2023 ആയി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും എട്ടു പ്രതികളെ അറസ്റ്റുചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. കേസിന്റെ തുടരന്വേഷണം നടന്നുവരികയാണ്.

മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയമേ ഈ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണ് എന്നതു നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“മാധ്യമപ്രര്‍ത്തനത്തിന്റെ ഭാഗമായ കാര്യമല്ല വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും. പ്രായപൂര്‍ത്തിയാ കാത്ത ഒരു പെണ്‍കുട്ടിയെ അവളറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്നു പറയുന്നത് ധീരമായ പത്രപ്രവര്‍ത്തനമല്ല. ഇത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്ത് ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷംപേരും,” മുഖ്യമന്ത്രി പറഞ്ഞു.

“ഇവിടെയുണ്ടായ നടപടിയെ ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തുകയൊന്നും വേണ്ട. അതിന് ഇതുമായി ഒരു താരതമ്യവുമില്ല. ബി ബി ബി സി ക്കെതിരായ നടപടി ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നതിനായിരുന്നു. ഇവിടുണ്ടായ വ്യാജ വീഡിയോ നിര്‍മ്മാണമോ? അത് ഏതെങ്കിലും സര്‍ക്കാരിനോ ഭരണാധികാരിക്കോ എതിരെയുള്ള തുറന്നു കാട്ടലല്ല,” മുഖ്യമന്ത്രി പറഞ്ഞു.

“ഒരു കുട്ടിക്കെതിരായ കുറ്റകൃത്യം മാത്രമല്ല സമൂഹത്തിനു നേരെയുള്ള അപരാധമാണ് ഇവിടെ നടന്നിരിക്കുന്നത്. അതിനെ അപലപിക്കാന്‍ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യരംഗങ്ങളിലെ പ്രമുഖരും സാധാരണ ജനങ്ങളും തയ്യാറായിട്ടുണ്ട്. എന്തുകൊണ്ടാണ് ആ കുറ്റകൃത്യത്തെക്കുറിച്ച്, അഥവാ ആ പരാതിയെക്കുറിച്ച് പ്രതിപക്ഷം മൗനം പാലിക്കുന്നത്?,” മുഖ്യമന്ത്രി ചോദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഓഫിസിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നു. പൊലീസ് എത്തിയായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരെ നീക്കിയത്.

ഇന്നലെയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജിയണല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടന്നത്. അഡീഷണല്‍ എസിപി എല്‍ സുരേന്ദ്രന്‍, ക്രൈംബ്രാഞ്ച് എസിപി സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നിര്‍മിച്ചുവെന്ന പരാതിയില്‍ ഏഷ്യാനെറ്റിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് പരിശോധന നടന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan on asianet news raid and sfi protest