scorecardresearch

‘സമ്പത്തിന് ദിവ്യജ്ഞാനമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’- മുഖ്യമന്ത്രി

“അതിഥി തൊഴിലാളികളുടെ അവസ്ഥയല്ല മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടേത്”

‘സമ്പത്തിന് ദിവ്യജ്ഞാനമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’- മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്ത് തിരുവനന്തപുരത്ത് തുടരുന്നതിനെതിരേ ഉയരുന്ന ആക്ഷേപങ്ങളിൽ മറുപടിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാരണം ഇത്രയും കാലം എല്ലാം അടച്ചിടുമെന്ന് മുൻകൂട്ടി മനസ്സിലാക്കി സമ്പത്ത് തിരുവനന്തപുരത്തേക്ക് എത്തിയതാണെന്ന ധാരണയൊന്നും തനിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സമ്പത്തിന് ദിവ്യജ്ഞാനമുണ്ടെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.

“അദ്ദേഹത്തിന് ദിവ്യജ്ഞാനമുണ്ടെന്ന് ഞാൻ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. അങ്ങനെയൊരു ദിവ്യത്വം ഇപ്പോൾ സമ്പത്തിനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇങ്ങനെയൊക്കെയാണ് സംഭവിക്കാൻ പോവുന്നത്, ഇത്ര ദിവസം പോയിട്ടിങ്ങനെ ആളുകളെയെല്ലാം തളച്ചിടും എന്നും അപ്പോൾ ഞാൻ വേഗം തിരുവനന്തപുരത്ത് എത്തിക്കളയാം എന്നെും മനസ്സിലാക്കി ഇങ്ങ് വന്നതാണ് എന്ന ധാരണയൊന്നും എനിക്കില്ല.” – മുഖ്യമന്ത്രി പറഞ്ഞു.

Read More | ഞാനിപ്പോൾ കളിക്കാത്തതു രാഷ്‌ട്രീയം മാത്രമാണ്; ആരോപണങ്ങൾക്കു മുഖ്യമന്ത്രിയുടെ മറുപടി

“കോവിഡ് പലരെയും പല സ്ഥലത്താക്കിയിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ രണ്ട് എസിഎസുമാർ (അഡീഷനൽ ചീഫ് സെക്രട്ടറിമാർ) ഇപ്പോൾ തിരുവനന്തപുരത്തില്ല. അതിന് അവരെ കുറ്റം പറയാൻ പറ്റുമോ. അവർ ഡെൽഹിയിൽ കടുങ്ങി കിടക്കുകയാണ്. അത് സ്വാഭാവികമാണ്. എവിടെയാണോ കുടുങ്ങിയത് അവിടെ തുടരും എന്നുള്ളതാണ് കോവിഡിന്റെ അവസ്ഥ. അതൊരു പ്രത്യേക പ്രശ്നമായി കാണേണ്ടതില്ല.”- മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരുമായി ബന്ധപ്പെടേണ്ട വിഷയങ്ങളിൽ സംസ്ഥാനത്തിനെ പ്രതിനീധികരിച്ച് നേരിട്ട് ഇടപെടുന്നതിനായാണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി മുൻ എംപി സമ്പത്തിനെ സംസ്ഥാന സർക്കാർ നിയന്ത്രിച്ചത്. എന്നാൽ കോവിഡ് രോഗവ്യാപനത്തിന്റെ സമയത്ത് തിരുവനന്തപുരത്തെത്തിയ സമ്പത്ത് ഡൽഹിയിലെ മലയാളി വിദ്യാർത്ഥികളും നഴ്സുമാരും അടക്കമുള്ളവരെ തിരിച്ചെത്തിക്കുന്ന വിഷയത്തിൽ ഇടപെടുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു.

വിദ്യാർത്ഥികൾ ട്രെയിനിൽ തന്നെ തിരിച്ചെത്തും

അതേസമയം, ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും മറ്റുള്ളവരും ട്രെയിനിൽ തന്നെ തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് ട്രെയിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരത ഗതിയിൽ തുടർന്നുകൊണ്ടിരിക്കുകയാാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ തിരിച്ചയക്കാൻ ട്രെയിനുകളോടിയിട്ടും ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ ട്രെയിൻ ഓടിയില്ലെന്ന് പ്രതിപക്ഷ കക്ഷി നേതാക്കൾ വിമർശനമുന്നയിച്ചിരുന്നു. ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഡല്‍ഹിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ നോൺ എസി വണ്ടിയിൽ നാട്ടിൽ  എത്തിക്കാനുള്ള മാര്‍ഗം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ ഇതുവരെ ലഭ്യമാകാത്തത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ടെന്ന്. മറ്റ് യാത്രക്കാര്‍ക്കൊപ്പം ഐആര്‍സിറ്റി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുക വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗികമല്ല. എസി ട്രെയിനിന്‍റെ ഫെയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനും കഴിയില്ല.

ഈ സാഹചര്യത്തില്‍ നോണ്‍ എസി വണ്ടിയില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാനുള്ള മാര്‍ഗം തേടിയിട്ടുണ്ട്. ടിക്കറ്റ് അവര്‍ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഡെല്‍ഹിയിലെ ഹെല്‍പ്പ്ഡെസ്ക്ക് ഇത് ഏകോപിപ്പിക്കും. സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുന്നുണ്ട്. ഇതിനു പുറമെ ഡെല്‍ഹിയില്‍ നിന്നടക്കം പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വെ തയ്യാറാകുന്നുണ്ട്. വിശദാംശം ഉടനെ ലഭിക്കും. ഡെല്‍ഹിയില്‍നിന്ന് ഒന്നുരണ്ടു ദിവസത്തിനകം ട്രെയിന്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ നമുക്ക് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം പറഞ്ഞു.

അതിഥി തൊഴിലാളികളുടെ അവസ്ഥയല്ല മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടേത്

അതിഥി തൊഴിലാളികളുടെ അവസ്ഥയിലല്ല ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളെന്നും മുഖ്യമന്ത്രി പറഞ്ഞു.  “ഇവിടെ നമ്മുടെ ട്രെയിനുകളുടെ കാര്യത്തിൽ, ഈ അതിഥി തൊഴിലാളികളെന്നു പറയുന്നവർ കൂട്ടമായി നിൽക്കുകയായിരുന്നു. അപ്പോൾ അവർക്ക് വേറെ യാതൊരു വഴിയുമില്ല, താമസിക്കാനൊരു സ്ഥലമില്ല. നമ്മൾ ഇവിടെ താമസം ഏർപ്പാടാക്കിയിരുന്നു. ഭക്ഷണം ലഭ്യമാക്കിയിരുന്നു. അങ്ങനെ ഒരു പ്രശ്നമില്ലാതെ ഇവിടെ കഴിഞ്ഞു. എന്നാൽ മറ്റു പലിടത്തും അങ്ങനെയല്ല. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള ട്രെയിൻ വേണമെന്ന് ആദ്യം ആവശ്യപ്പെടുന്നത് കേരളമാണ്. അത് പൊതു ആവശ്യമായി പിന്നീട് ഉയർന്നു. അത് ഒരു ഗതിയുമില്ലാത്തവരെ നാട്ടിലയക്കുന്നതിനാണ്. അങ്ങനെ ഒരുപാടു പേരുണ്ടെന്ന് ഇപ്പോൾ വ്യക്തമായി. ആ ഗണത്തിലുള്ളവരാണ് മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെന്ന് കാണരുത്” -മുഖ്യമന്ത്രി പറഞ്ഞു.

Read More | സംസ്ഥാനം കേന്ദ്രത്തോട് കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെടും; ലോക്ക്‌ഡൗണ്‍ നീട്ടുന്നത് കേന്ദ്രനിർദേശം അനുസരിച്ച്

” അവർ (ഇതര സംസ്ഥാനങ്ങളിലെ മലയാളികൾ) പലരും പലയിടത്തായി താമസിക്കുന്നവരാണ്. അവർക്ക് പലർക്കും സ്വന്തം വീടുകളുണ്ട്. സ്വന്തം ജോലിയുണ്ട്. അതിന്റെ ഭാഗമായി നിൽക്കുന്നവരാണ്. അങ്ങനെയുള്ളവർ ഇത്തരമൊരു ഘട്ടത്തിൽ നാട്ടിലേക്ക് വരാനാഗ്രഹിക്കും. അതിന്റെ ഭാഗമായുള്ള സൗകര്യങ്ങളാണ് ഇപ്പോൾ ലഭ്യമാക്കി വരുന്നത്.”- മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇന്ന് 16 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വയനാട് ജില്ലയിൽ അഞ്ച് പേർക്കും മലപ്പുറം ജില്ലയിൽ നാല് പേർക്കും വൈറസ് സ്ഥിരീകരിച്ചപ്പോൾ ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർക്ക് വീതമാണ് രോഗം. കൊല്ലം, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ആർക്കും രോഗം ഭേദമായില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan on a sampath delhi malayali train issue