ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ വെളളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ബഹുനിലക്കെട്ടിട ശിലാസ്ഥാപനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് ഈ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.

വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ തീര്‍ഥാടക വിനോദ സഞ്ചാര കേന്ദ്രം നിര്‍മ്മിക്കാന്‍ നാല് കോടിയോളം രൂപ അനുവദിച്ചിരുന്നു. ശിലാസ്ഥാപനത്തിന് മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്, ജി.സുധാകരൻ, കടകംപളളി സുരേന്ദ്രന്‍, പി. തിലോത്തമന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളിയോടുള്ള ഉപകാരസ്മരണയാണ് സര്‍ക്കാര്‍ തീരുമാനം എന്ന് വിമര്‍ശകര്‍ ആക്ഷേപമുന്നയിക്കുന്നു. വെള്ളാപ്പള്ളിയുടെ നാട്ടില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ശിലാസ്ഥാപന കര്‍മ്മം നിർവഹിക്കുന്നതും നന്ദി അറിയിക്കലിന്റെ ഭാഗമെന്നാണ് വിമര്‍ശകരുടെ പക്ഷം. കണിച്ചുകുളങ്ങരയില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ തീര്‍ഥാടക വിനോദ സഞ്ചാര കേന്ദ്രം നിര്‍മ്മിക്കാനാണ് പദ്ധതി. നാല് കോടിയോളം രൂപ ചെലവുള്ള ബഹുനിലക്കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കുന്നത്.

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് ദേവസ്വത്തിന്റെ സ്ഥലത്താണ് കേന്ദ്രം വരുന്നത്. മൂന്ന് നിലകളിലായി 33 താമസ മുറികളും നാല് കടമുറികളും ഉള്‍പ്പെടുന്നതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ രണ്ട് നിലകളില്‍ 21 താമസമുറികള്‍ക്കും നാല് കടമുറികള്‍ക്കുമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കണിച്ചുകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ചിക്കരക്കുട്ടികള്‍ക്ക് താമസ സൗകര്യമുണ്ടാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.