scorecardresearch

'സാമൂഹ്യ പുരോഗതിയില്‍ കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരം'; ക്യൂബന്‍ പ്രസിഡന്റ് സഹകരണം വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി

കായിക രംഗത്തെയും പൊതുജനാരോഗ്യ രംഗത്തെയും സഹകരണമാണ് കേരളം പ്രാഥമികമായി ലക്ഷ്യം വെക്കുന്നത്

കായിക രംഗത്തെയും പൊതുജനാരോഗ്യ രംഗത്തെയും സഹകരണമാണ് കേരളം പ്രാഥമികമായി ലക്ഷ്യം വെക്കുന്നത്

author-image
WebDesk
New Update
pinarayi vijayan,kerala

pinarayi vijayan facebook page

തിരുവനന്തപുരം: ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Advertisment

സാമൂഹ്യ പുരോഗതിയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണ്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ സര്‍വകലാശാലകള്‍ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടികളും ഉള്‍പ്പെടെ കേരളവുമായി സഹകരിക്കാന്‍ പറ്റുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബന്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന അടുത്ത അവസരത്തില്‍ കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കായിക രംഗത്തെയും പൊതുജനാരോഗ്യ രംഗത്തെയും സഹകരണമാണ് കേരളം പ്രാഥമികമായി ലക്ഷ്യം വെക്കുന്നത്. പൊതുജനാരോഗ്യ രംഗത്തും, വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും ക്യൂബ കൈവരിച്ച നേട്ടങ്ങള്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ടതാണ്. ബയോ ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തും വലിയ പുരോഗതി ക്യൂബ നേടിയിട്ടുണ്ട്. ഈ മേഖലകളില്‍ കേരളവുമായി സഹകരണത്തിനുള്ള സാധ്യതകള്‍ വിശദീകരിച്ചു.

Advertisment

കായിക രംഗത്തെ സഹകരണമാണ് കൂടിക്കാഴ്ചയിലുയര്‍ന്ന മറ്റൊരു വിഷയം. വോളീബോള്‍, ജൂഡോ, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മേഖലകളില്‍ ക്യൂബയുണ്ടാക്കിയ അന്താരാഷ്ട്ര നേട്ടങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിന്റെ കായിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാന്‍ ഈ മേഖലകളിലെ സഹകരണം സഹായിക്കുമെന്ന് അറിയിച്ചു. കേരളത്തിന്റെ വ്യാപാര രംഗത്തും വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റങ്ങളുണ്ടാക്കാനാവശ്യമായ സഹകരണസാധ്യതകളും ചര്‍ച്ചയിലുയര്‍ന്നു. ഇതുവഴി സമഗ്രവും ഊഷ്മളവും ക്രിയാത്മകവുമായ ഒരു ബന്ധം വളര്‍ത്തിയെടുക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ അറിയിക്കുകയുണ്ടായി. ഇതിനായി എല്ലാവിധ സഹകരണവും ക്യൂബന്‍ പ്രസിഡന്റ് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Pinarayi Vijayan Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: