scorecardresearch
Latest News

‘നിങ്ങള്‍ക്കു പൊള്ളലേല്‍ക്കുന്ന പല കാര്യങ്ങളുമുണ്ട്’; ശിവശങ്കറിനെ പിന്തുണച്ച് മുഖ്യമന്ത്രി

താന്‍ നേരിട്ട അനുഭവങ്ങളാണ് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെന്നും അതില്‍ തെറ്റുകാണാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Pinrayi vijayan, sivasankar, ie malayalam

തിരുവനന്തപുരം: പുസ്തകമെഴുതിയ വിഷയത്തില്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ നേരിട്ട അനുഭവങ്ങളാണ് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെന്നും അതില്‍ തെറ്റുകാണാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുസ്തകമെഴുതാന്‍ അനുമതി ഉണ്ടോയെന്നത് വ്യക്തമാക്കാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രി, അത് വെറും സാങ്കേതികമായ കാര്യമാണെന്നും പറഞ്ഞു. സര്‍വിസിലിരിക്കുമ്പോള്‍ പുസ്തകമെഴുതിയതിനു പലര്‍ക്കുമെതിരേയും നടപടി സ്വീകരിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, നിങ്ങളുടെ ബുദ്ധിമുട്ട് തനിക്ക് മനസിലാകുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. നിങ്ങളില്‍ നിന്നുണ്ടായ അനുഭവമാണ് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

”ശിവശങ്കറിന്റെ പുസ്തകവുമായി വന്ന വാര്‍ത്തകളില്‍ ഞാനേറ്റവും ശ്രദ്ധിച്ചത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്റെ വാക്കുകളാണ്. പുസ്തകത്തില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ശക്തമായ അഭിപ്രായം ശിവശങ്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ നിലയെക്കുറിച്ചാണ്. മറ്റൊന്ന് അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ച്. സ്വാഭാവികമായും ആ വിമര്‍ശനത്തിന് ഇരയായവര്‍ക്കുള്ള ഒരു തരം പ്രത്യേക പക ഉയര്‍ന്നുവരുമെന്ന് നാം കാണണം. അത് അതേ രീതിയില്‍ വന്നു എന്നാണ് ശശികുമാര്‍ അഭിപ്രായപ്പെട്ടത്. അതു തന്നൊയണ് എന്റെയും തോന്നല്‍,”മുഖ്യമന്ത്രി പറഞ്ഞു.

Also Read: ‘മറ്റൊരിടത്തും ഇല്ലാത്ത വ്യവസ്ഥയായിരുന്നു കേരളത്തിൽ’; ലോകായുക്തയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

”ഇതിനകത്തുള്ള ഏജന്‍സിയും നിങ്ങള്‍ മാധ്യമങ്ങളും ചേര്‍ന്നുള്ള ചില കാര്യങ്ങള്‍ ഇതിന്റെ ഭാഗമായിവരുന്നുണ്ടോയെന്ന് ഭാവിയില്‍ മാത്രമേ തീരുമാനിക്കാനാവൂ. അതു വരട്ടേ. പുസ്തകത്തില്‍ നിങ്ങള്‍ക്കു പൊള്ളലേല്‍ക്കുന്ന പല കാര്യങ്ങളുമുണ്ട്. അതു നിങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് ഇപ്പോള്‍ നിങ്ങളുടെ പ്രതികരണത്തില്‍നിന്നു വ്യക്തമാണ്. ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ച് നിങ്ങള്‍ എന്തിനാണ് ഇത്ര വേവലാതി? പുസ്തകം എഴുതാന്‍ ശിവശങ്കര്‍ അനുമതി വാങ്ങിയോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഈ പുസ്തകത്തിന് ആധാരമായ കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച ഒരു നിലപാടില്ലേ? അന്ന് വിവാദം വന്നപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചതാണ്. അതേക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്,”മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യാജ ബിരുദമാണെന്ന് അറിഞ്ഞിട്ടാണ് ശിവശങ്കര്‍ തനിക്ക് നിയമനം നല്‍കിയതെന്ന് സ്വപ്ന സുരേഷ് വെളുപ്പെടുത്തിയത് അവര്‍ തമ്മിലുള്ള കാര്യമാണ്. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ കൃത്യമായി സ്വീകരിച്ചുവരികയാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതില്‍ ഒരു വീഴ്ചയും ഉണ്ടാകില്ല. ആരുടേയും പക്ഷം പിടിക്കുന്ന നിലയുണ്ടാകില്ല. ന്യായാന്യായങ്ങള്‍ നോക്കിയാണ് അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan m sivasankars book