തിരുവനന്തപുരം: വിശ്വാസികള്‍ക്കെതിരെ സിപിഎം യുദ്ധം പ്രഖ്യാപിച്ചെന്ന തരത്തിലുളള പ്രചരണമാണ് ബിജെപിയും യുഡിഎഫും നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘എല്ലാ വിശ്വാസങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നടപടിയാണ് എടുത്തിട്ടുളളത്. എന്റെ വിശ്വാസം മാത്രമെ പാടുളളു എന്ന ഇടപെടലിനെതിരെയാണ് നടപടി എടുത്തത്. ഇത്തരം ശക്തികള്‍ക്ക് പ്രവര്‍ത്തിക്കാനുളള സ്ഥലം അല്ലാത്തത് കൊണ്ടാണ് കേരളം മറ്റു നാടുകളില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

‘സ്ത്രീക്ക് എതിരെയുളള നീക്കം നമ്മുടെ സമൂഹത്തില്‍ പണ്ടുണ്ടായിരുന്നു. ആ സമൂഹം തന്നെ മാറി. പണ്ട് ബ്രാഹ്മണ സമൂഹത്തില്‍ പെട്ട സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ വിവേചനം അനുഭവപ്പെട്ടത്. നമ്മുടെ സംസ്ഥാനത്ത് സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ എന്നും പോരാട്ടം നടന്നിട്ടുണ്ട്. മറ്റെവിടേയും അത് ഉണ്ടായിട്ടില്ല. അങ്ങനെയുളള സ്ത്രീയെ ആണ് അശുദ്ധയാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനുളള നീക്കം നടത്തുന്നത്. സ്ത്രീ-പുരുഷ സമത്വം അംഗീകരിക്കാന്‍ കഴിയാത്തവരാണ് അത്തരം നിലപാട് സ്വീകരിക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

‘നിലയ്ക്കലിലെ പ്രശ്നം ഉയര്‍ത്തി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടന്നു. ഹിന്ദു- മുസ്ലിം ദ്രുവീകരണ നടത്താന്‍ ഇവിടെ നേരത്തേ മുതലേ ശ്രമം നടന്നിട്ടുണ്ട്. അതിന് ആര്‍എസ്എസ് തന്നെ നേതൃത്വം നല്‍കി. നമ്മുടെ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് സംഘപരിവാര്‍ ശ്രമം. ബിജെപി ഭരണം നടത്താത്ത സംസ്ഥാനങ്ങളെ തകര്‍ക്കാനാണ് കേന്ദ്ര ശ്രമം. സംഘപരിപാറിന്റെ കീഴില്‍ ന്യൂനപക്ഷങ്ങളുടെ നില പരുങ്ങലിലായി. മുസ്ലിമിനെതിരെ പലതിന്റേയും പേരില്‍ ആക്രമണം നടത്തി. ഭക്ഷണത്തിന്റേയും പശുവിന്റേയും പേരില്‍ ആക്രമണം ഉണ്ടായി. വര്‍ഗീയ സംഘര്‍ഷത്തിന് സംഘപരിവാര്‍ നേതൃത്വം നല്‍കി. വര്‍ഗീയ ചേരിതിരിവാണ് അവര്‍ വളരാനുളള വളമായി കാണുന്നത്. ജനങ്ങള്‍ ഒത്തുചേരുന്ന ആഘോഷങ്ങളും മറ്റും ഇല്ലാതാക്കാനുളള ശ്രമം അവര്‍ നടത്തുന്നു. സംഘപരിവാര്‍ നേതൃത്വം നല്‍കുമ്പോള്‍ വര്‍ഗീയമായി ചിന്തിക്കുന്ന മറ്റ് സംഘടനകളും കൂടെയുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു. ‘ശബരിമല വിഷയത്തില്‍ 1991ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ല. ഈ വിധിയാണ് സുപ്രിംകോടതി തിരുത്തിയത്. കോടതിക്ക് എതിരെ നീങ്ങാന്‍ പറ്റാത്തതിനാലാണ് സര്‍ക്കാരിനെതിരെ ബിജെപി അക്രമണം അഴിച്ചുവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.