തിരുവനന്തപുരം: ഉദ്ഘാടനത്തിന് മുമ്പേ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി ഇന്ന് ഇറങ്ങും. മുഖ്യമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഇന്ന് വിമാനത്താവളത്തിലെത്തും. തലശ്ശേരി- മാഹി ബൈപ്പാസിന്റെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിനായാണ് ഇരുവരും എത്തുന്നത്. ഉച്ചയ്ക്ക് 2.40ന് സ്വകാര്യ വിമാനത്തില്‍ ഗഡ്കരി എത്തും. ഇതിന് പിന്നാലെ 3.20ഓടെ മുഖ്യമന്ത്രിയും ലാന്‍ഡ് ചെയ്യുമെന്നാണ് അറിയിപ്പ്.

ഉദ്ഘാടനത്തിന് മുമ്പ് ഷാ എത്തിയത് രാഷട്രീയ വിവാദമായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയത് വിവാദമാക്കിയപ്പോള്‍ അമിത് ഷായ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ തങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അമിത് ഷായുടെ വിമാനത്തിനിറങ്ങാന്‍ അനുമതി നല്‍കിയത് സർക്കാർ അല്ലെന്നും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയാണെന്നും ‘കിയാല്‍’ അധികൃതരും അറിയിച്ചു.

ഷെഡ്യൂള്‍ഡ് ​ഫ്ലൈറ്റ്​ ഡിസംബര്‍ ആറിനു​ശേഷമാണ് അനുവദിക്കുന്നതെങ്കിലും ലൈസൻസ്​ ലഭിച്ചതിനാൽ നോണ്‍ ഷെഡ്യൂള്‍ഡ് ​വിമാനങ്ങള്‍ക്ക്​ ആര് അഭ്യര്‍ഥിച്ചാലും കമ്പനിക്ക് അനുമതി നല്‍കാം. ചെലവ് വിമാന കമ്പനികള്‍ വിമാനത്താവള കമ്പനിക്ക് നല്‍കണം. അമിത് ഷായുടെ വിമാനത്തിന് അനുമതി നല്‍കുകയും ആ കമ്പനി ചെലവ്​ നല്‍കുകയും ചെയ്​തു. രണ്ട് നോണ്‍ ഷെഡ്യൂള്‍ഡ് ​വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്​. ഡിസംബര്‍ ആറുവരെ നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തിൽ ആവശ്യപ്പെടുന്ന എല്ലാ കമ്പനികള്‍ക്കും തുടര്‍ന്നും അനുമതി നല്‍കുമെന്നും ‘കിയാല്‍’ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ