വയനാട്: വയനാട് മെഡിക്കല്‍ കോളേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ച് വരുന്നതായും ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ ഭാഗമായി കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്‌ചയിലാണ് വയനാടിന്റെ ആരോഗ്യ മേഖലയിലെ വിപ്ലവകരമായ മുന്നേറ്റത്തിലേക്ക് മുഖ്യമന്ത്രി സൂചന നല്‍കിയത്. ദുരന്തങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ജില്ലയില്‍ എയര്‍ സ്ട്രിപ്പ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയുടെ രണ്ടു പ്രധാന ജലസേചന പദ്ധതികളായ കാരാപ്പുഴ പദ്ധതി 2023 ലും ബാണാസുര പദ്ധതി 2024 ലും പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുടങ്ങിക്കിടന്ന രണ്ടു പദ്ധതികള്‍ക്കും ഇപ്പോള്‍ ജീവന്‍വച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ കാരാപ്പുഴ ഡാമിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളാകും. എട്ട് ഏക്കര്‍ വിസ്തൃതി വര്‍ധിക്കുന്നതോടെ സംഭരണ ശേഷി ഇരട്ടിയാകും. ഇതിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കുടിവെള്ള പദ്ധതിയും ആരംഭിക്കാനാകും. കാരാപ്പുഴ പ്രദേശത്തെ മികച്ച ഉദ്യാനം വലിയ ടൂറിസം സാധ്യതകളാണ് സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കുന്നതിനും തൊഴില്‍ ഉറപ്പാക്കുന്നതിനും മുന്തിയ പരിഗണയാണ് നല്‍കുന്നത്. ഭൂരഹിതരായ മുഴുവന്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്കും ഭൂമിയ ഏറ്റെടുത്ത് നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്. ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് തടസ്സങ്ങളുണ്ടാവരുതെന്നാണ് സര്‍ക്കാര്‍ നയം. ജില്ലയില്‍ എല്ലാ ആദിവാസി കുട്ടികള്‍ക്കും പ്ലസ് ടു അടക്കം സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കണം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്ലസ് ടു അനുവദിക്കുന്ന കാര്യം പരിശോധിക്കും. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ കാര്യവും പരിഗണിക്കും.

Read Also: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിലേക്ക് ജമാ അത്തെ ഇസ്ലാമിയെ വിളിച്ചില്ല; ഉചിതമായ തീരുമാനമെന്ന് സമസ്ത

കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി. പ്രത്യേക കോഫി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മലബാര്‍ കോഫി ബ്രാന്‍ഡാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ട്. വന്യമൃഗ ശല്യം തടയുന്നതിന് കിഫ്ബിയില്‍ വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കും. 10 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍ ഫെന്‍സിങ് നല്ലൊരു ഭാഗം പൂര്‍ത്തിയായിക്കഴിഞ്ഞു. 22 കോടി ചെലവില്‍ 44 കിലോമീറ്റര്‍ നീളത്തില്‍ ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് വനം വകുപ്പ് ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണ്. മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട നഷ്ട പരിഹാരം ഓണ്‍ലൈനായി നല്‍കാന്‍ നടപടി സ്വീകരിച്ചു. വേനല്‍ക്കാലത്ത് വെള്ളം തേടിയാണ് മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്. ഇതിന് പരിഹാരമായി വനത്തില്‍ ജലസംഭരണികളും കുളങ്ങളും നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

കാര്‍ഷിക മേഖലയിലും കോളേജുകള്‍ കേന്ദ്രീകരിച്ചും സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്ക് അപ്രന്റീസ് പോലെ പരിശീലനത്തിന് അവസരം ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംവരണ കാര്യത്തില്‍ നിലവില്‍ സംവരണ അനുഭവിക്കുന്ന ഒരു വിഭാഗത്തിനും ആശങ്ക വേണ്ടെന്നും ഒരു വിഭാഗത്തിന്റെ സംവരണത്തിനും ഒരു തരത്തിലുള്ള കുറവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണേതര വിഭാഗത്തിലെ ദരിദ്രര്‍ക്കു കൂടി സംവരണം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പരിപാടിയില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഒ.ആര്‍.കേളു എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, വിവിധ സാമൂഹിക- വിദ്യാഭ്യാസ- സാമുദായിക- രാഷ്ട്രീയ- കാര്‍ഷിക- ആരോഗ്യ- ടൂറിസം- പാലിയേറ്റീവ്- പരിസ്ഥിതി പ്രസ്ഥാന പ്രതിനിധികളും വിദഗ്ധരും പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലും മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള പരിപാടി നടന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നതിനായി ഇ-ഗവേണന്‍സ് സംവിധാനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി കാരപറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏറ്റവും കൂടുതല്‍ പേര്‍ ബന്ധപ്പെടുന്ന ഓഫീസ് എന്ന നിലയില്‍, തദ്ദേശ സ്ഥാപനങ്ങളില്‍ ആളുകള്‍ നേരിട്ട് ഓഫീസുകളിലെത്താതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് ഉത്തമം. രാഷ്ട്രീയ തലത്തില്‍ അഴിമതി ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുതലങ്ങളില്‍ ഇത് ബാധകമല്ലായെന്ന് ചിന്തിക്കുന്നവരുണ്ട്. ഇതുവെച്ച് പൊറുപ്പിക്കാനാവില്ലായെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് താഴെതട്ടിലും ശക്തിപ്പെടുത്താന്‍ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. നഗരവികസനത്തില്‍ സീവേജ് സിസ്റ്റം നടപ്പാക്കേണ്ടത് ഏറെ പ്രാധാന്യമുള്ള നിര്‍ദ്ദേശമാണ്. എന്നാല്‍ ഭൂമി ഏറ്റെടുക്കലടക്കമുള്ളവയില്‍ പലപ്പോഴും എതിര്‍പ്പുകളുയരുന്നുണ്ട്. പരിഷ്‌കൃത സമൂഹത്തില്‍ സീവേജ് സിസ്റ്റം നിര്‍ബന്ധമായും നടപ്പാക്കിയേ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് മേഖലക്ക് നല്ല പ്രോത്സാഹനമാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. കെട്ടിട നിര്‍മ്മാണ നിയമങ്ങളിലടക്കം പരാതിയുയര്‍ന്നപ്പോള്‍ അവരുടെ കൂടെ അഭിപ്രായം കേട്ട ശേഷം നല്ല രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞു. മിഠായിതെരുവ് ഭംഗികൂട്ടിയതിന് ശേഷം ചില പ്രായോഗികമായ പ്രശ്നങ്ങളുയര്‍ന്നു വന്നിട്ടുണ്ട്. വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഗുരുതരവുമാണെന്നതിനാല്‍ ഇക്കാര്യത്തില്‍ സമഗ്രമായ പരിശോധന ആവശ്യമാണെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ ചര്‍ച്ച ഉണ്ടാവും.

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ സ്ഥലം നല്ല ആവശ്യങ്ങള്‍ക്കുപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിനായുള്ള ശ്രമം സര്‍ക്കാര്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പുതിയ വ്യവസായങ്ങള്‍ വരുന്നതിന് ഒട്ടേറെ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഭൂമി കുറവായതാണ് നമ്മള്‍ നേരിടുന്ന പ്രശ്നം. സര്‍ക്കാര്‍ ഭൂമിയില്‍ വ്യവസായം തുടങ്ങുന്നവര്‍ക്ക് ഭൂമിയുടെ വില ഗഡുക്കളായി അടക്കാനുള്ള സൗകര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ആര്‍ക്കിടെക്ടസ് ഡിസൈന്‍ പോളിസി രൂപീകരണം സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ടൂറിസം രംഗത്തിന് നല്ല മുന്‍ഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒരു കേന്ദ്രം തന്നെയാണ് കോഴിക്കോട്. സര്‍ക്കാര്‍ തന്നെ ടൂറിസം വികസിപ്പിക്കുക എന്നതില്‍ നിന്ന് മാറി സര്‍ക്കാറും മറ്റുള്ളവരും കൂടിച്ചേര്‍ന്നതും സ്വകാര്യ സംരംഭങ്ങളുമാകാം എന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. രാത്രികാലങ്ങളില്‍ സജീവമാകുന്ന പട്ടണങ്ങള്‍ വേണമെന്നത് നേരത്തെ തന്നെ ആലോചിച്ചതാണ്. കൊവിഡ് പ്രതിസന്ധി മാറി വരുമ്പോള്‍ ഇക്കാര്യം ചിന്തിക്കാമെന്നാണ് കരുതുന്നത്.

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള തുടര്‍ നടപടികളുണ്ടാവും. കോഴിക്കോടിന്റെ ചരിത്രത്തിന് ഊന്നല്‍ നല്‍കി മ്യൂസിയമൊരുക്കുന്നതിന് പരിഗണന നല്‍കും. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം അടുത്ത് തന്നെ ആരംഭിക്കും. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സിഒഎയെ നിയമിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബേപ്പൂര്‍ തുറമുഖത്ത് മെയ്‌ന്റൻസ് ഡ്രഡ്‌ജിങ് നടത്താന്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സാഗര്‍മാല പദ്ധതിയിലുള്‍പ്പെടുത്തി ക്യാപിറ്റല്‍ ഡ്രഡ്‌ജിങ് നടത്താനുള്ള ഡിപിആര്‍ സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്.
ബേപ്പൂര്‍ തുറമുഖത്തെ വാര്‍ഫ്, ബെര്‍ത്ത് നീളം കൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജൂണ്‍ നാലിന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ബേപ്പൂര്‍, ആഴീക്കല്‍ തുറമുഖങ്ങളിലേക്കു വരുന്ന കപ്പലില്‍ കൊണ്ടു വരുന്ന മുഴുവന്‍ കണ്ടെയിനറുകള്‍ക്കും കണ്ടെയിനര്‍ ട്രക്കിന്റെ വാടകയുടെ 50 ശതമാനം കൊടുക്കാമെന്നുണ്ട്. അടുത്തിടെ ഉദ്ഘാടനം ചെയ്ത രണ്ടു ടഗുകളിലൊന്ന് ബേപ്പൂരിലും ഉപയോഗിക്കുന്നുണ്ട്.

കിഫ്ബി ഇംപ്രൂവ്മെന്റ് പ്രൊജക്ടിന്റെ രണ്ടാമത്തെ ഘട്ടം സര്‍ക്കാറിന്റെ പരിഗണനയിലുള്ള പദ്ധതിയാണ്. 26 കിലോ മീറ്റര്‍ ദൂരത്തില്‍ 10 റോഡുകളാണുള്ളത്. ഇതില്‍ 7 റോഡുകളുടെ ഡിപിആര്‍ തയ്യാറായി കഴിഞ്ഞു. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 22.25 കിലോ മീറ്റര്‍ ദൂരത്തില്‍ 6 റോഡുകളാണ് നവീകരിച്ചത്. 693 കോടിയാണ് ഇതിനായി ചെലവഴിച്ചത്. ഇതില്‍ 65 ശതമാനവും നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

രാമനാട്ടുകര, തൊണ്ടയാട്, പന്നിയങ്കര മേല്‍പ്പാലങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. ദേശീയപാത വികസനത്തിന്റെ ഭാഗമായി പാലൊളി, മൂരാട് പാലങ്ങള്‍ പ്രത്യേക പദ്ധതിയെന്ന നിലയില്‍ വികസിപ്പിക്കുകയാണ്. കോഴിക്കോട് ബൈപ്പാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏകദേശം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 20 ദിവസത്തിനുള്ളില്‍ ഇതിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് ദേശീയപാത അധികൃതര്‍ അറിയിച്ചിട്ടുള്ളത്. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ നടത്തുന്ന പഠനത്തിന് ശേഷം കോഴിക്കോട്-വയനാട് തുരങ്കപാതയുടെ മറ്റ് നടപടികളിലേക്ക് പോകും.

ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഭൂമി ഏറ്റെടുക്കലിലെ 80 ശതമാനവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കല്ലായ് പുഴ മുതല്‍ സരോവരം ബയോപാര്‍ക്ക് വരെ 6 കിലോമീറ്റര്‍ കനോലി കനാല്‍ ശുചീകരിച്ചു. കോരപ്പുഴക്കും സരോവരത്തിനുമിടയില്‍ 3 കിലോമീറ്ററും ശുചീകരിച്ചു. മറ്റ് പ്രവൃത്തികളും കൂടെ പൂര്‍ത്തീകരിക്കാനായാല്‍ കല്ലായി പുഴ മുതല്‍ കോരപ്പുഴ വരെ പൂര്‍ണമായും ഗതാഗത യോഗ്യമാകും.

ഗെയില്‍ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് പ്രധാനമന്ത്രി നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി സിഎന്‍ജി സ്റ്റേഷനുകൾ ജില്ലയില്‍ ആരംഭിക്കാനുള്ള നടപടികള്‍ ഉദ്ദേശിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ധാര്‍മ്മിക മൂല്യമുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് എന്തു ചെയ്യാനാകുമെന്ന് വിദ്യാഭ്യാസ വിദഗ്ദരുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. പൊതുതലത്തിലും കോഴിക്കോടിനെ കുറിച്ചും നല്ല നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നു വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമായി പരിശോധിച്ച് ഉള്‍പ്പെടുത്തേണ്ടവ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം പി അഹമ്മദ്, പി കെ അഹമ്മദ്, സി ഇ ചാക്കുണ്ണി, സുബൈര്‍ കൊളക്കാടന്‍, ഖാലിദ്, വിവേക് സിറിയക്, മെഹറൂഫ് മണലൊടി, ഡോ.മിലി മണി, അനീസ് ആദം, ഡോ. രാകേഷ്, ടി സി അഹമ്മദ്, സി മുഹമ്മദ് ഫൈസി, ആബിദ റഷീദ്, ക്യാപ്റ്റന്‍ ഹരിദാസ്, ഒ രാജഗോപാല്‍, ഡോ. വി ജി പ്രദീപ്കുമാര്‍, ഹാരിസ്, ഡോ. ഖദീജ മുംതാസ്, ടി പി അബ്ദുല്ലക്കോയ മദനി, സ്വാമി നരസിംഹാനന്ദ, ഉമര്‍ ഫൈസി മുക്കം, സ്വാമി ഭക്താനന്ദന്‍, എന്‍ എം സലിം, റിട്ട. എസ്പി പ്രദീപ്കുമാര്‍, ഐ പി അബ്ദുസലാം തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളിലെ പ്രമുഖരും സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.