തിരുവനന്തപുരം: കനത്ത പേമാരി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

സംസ്ഥാനത്ത് അഞ്ച് ഡാമുകളുടെ ഷട്ടറുകളാണ് ഇതുവരെ തുറന്നിരിക്കുന്നത്. മണിയാര്‍, കുണ്ട, മലങ്കര, പെരിങ്ങല്‍ക്കുത്ത്, മംഗലം, കാഞ്ഞിരംപുഴ എന്നീ ഡാമുകളാണ് തുറന്നിരിക്കുന്നത്.

Read Also: നാശം വിതച്ച് കനത്ത മഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്നു രാത്രിയും കനത്ത മഴ തുടരുകയാണെങ്കിൽ, നാളെ (9/8/2019) രാവിലെ 7 മണിക്ക് മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 20 cm വീതം ഉയർത്തി 35 ക്യുമെക്സ് വെള്ളം തുറന്നു വിട്ടേക്കും.റിസർവോയർ ലവൽ 192.60 ( FRL) ന് മുകളിൽ പോകാതെ നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ ആങ്ങമുഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ 60 cm വരെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന ജലം 4 മണിക്കൂർ കൊണ്ട് ആങ്ങമൂഴിയിൽ എത്തും. കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ആറ് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇടുക്കിയിൽ മൂന്ന് പേരും തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒരോരുത്തരും മരിച്ചു. സംസ്ഥാനത്തൊട്ടാകെ 122 ദുരിതാശ്വാസ ക്യാംപുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്. 2337 കുടുംബങ്ങളിലായി 8110 പേര്‍ ക്യാംപുകളിലുണ്ട്. ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ വയനാട് ജില്ലയിലാണ്. 71 ക്യാംപുകളിലായി 5999 പേര്‍ വയനാട് മാത്രം ദുരിതാശ്വാസ ക്യാംപുകളിലുണ്ട്.

കേരളത്തില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് ഒന്‍പത്-വെള്ളി) അവധി. പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇതുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Read Also: ജാഗ്രത! അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

കണ്ണൂര്‍, കാലിക്കറ്റ് സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എംജി സർവകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. നാളെ നടത്താനിരുന്ന പിഎസ്​സി പരീക്ഷകള്‍ 30-ലേക്കു മാറ്റി.

നാളെ (വെള്ളിയാഴ്ച) നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം,തൃശൂര്‍,പാലക്കാട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്.

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കൻ കേരളത്തിൽ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സംസ്ഥാനത്ത് വ്യാപകമായി ഉരുൾ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. എറണാകുളം ജില്ലയിൽ ജില്ലാ ഭരണകൂടം ക്യാമ്പുകളും കൺട്രോൾ റൂമുകളും തുറന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.