കൊച്ചി: യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. ദുബായി, ഷാര്‍ജ എന്നിവിടങ്ങളിലുള്ള മലയാളിക്കൂട്ടായ്മകളില്‍ പങ്കെടുത്തതിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങി വന്നത്. നവകേരള നിര്‍മ്മാണത്തിനായുള്ള ഫണ്ട് സ്വരൂപണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം.

പതിനേഴാം തിയതിയാണ് മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനത്തിന് പോയത്. യുഎഇയില്‍ വലിയ തോതിലുള്ള സഹായങ്ങളാണ് പ്രവാസി മലയാളികള്‍ മുഖ്യമന്ത്രിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കേരളത്തെ എങ്ങനെ പുനര്‍നിര്‍മിക്കുമെന്നുള്ള വ്യക്തമായ ചിത്രവും അദ്ദേഹം അവര്‍ക്ക് നല്‍കി.

കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങളെ എതിര്‍ത്ത പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ലെന്നായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. കേരളത്തെ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദുബായിയില്‍ മലയാളി സമൂഹത്തോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിഞ്ഞത്. മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് പ്രധാനമന്ത്രി വാക്കാല്‍ അനുമതി നല്‍കിയിരുന്നു. നാടിനൊപ്പം നില്‍ക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ