കൊച്ചി: കേരളത്തിലേതുപോലെ തമിഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് തമിഴ് സിനിമാ താരം സത്യരാജ്. മനോരമയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിണറായി ആദര്‍ശ ധീരനായ നേതാവാണെന്നും അദ്ദേഹത്തെ പോലൊരാളെ തമിഴ്നാടിനും ആവശ്യമാണെന്നും നടന്‍ പറഞ്ഞു.
‘സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തമിഴ്നാട്ടില്‍ സാധാരണമാണ്, എന്നാല്‍ ഇത്തരക്കാരുടെ ലക്ഷ്യം ജനസേവനമല്ല. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണ് അവരുടെ പ്രവര്‍ത്തനം. എന്നാല്‍ ഇത് ഇനി തമിഴ്നാട്ടില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാല്‍പ്പത്തിയൊന്ന് വര്‍ഷമായി താന്‍ സിനിമയിലുണ്ട്. എനിക്കിതുവരെ രാഷ്ട്രീയത്തിലിറങ്ങണമെന്ന് തോന്നിയിട്ടില്ല. തമിഴ്നാട്ടില്‍ ഇനി സിനിമാക്കാരന്‍ മുഖ്യമന്ത്രിയാവില്ല. അതിന് ത്യാഗം ചെയ്യണം. ജനങ്ങളുടെ കൂടെ ജീവിച്ച് അവരെ അറിയണം,’ സത്യരാജ് പറഞ്ഞു.
‘മുഖ്യമന്ത്രി പിണറായി വിജയന്‍ ആദര്‍ശധീരനാണ്. അദ്ദേഹം നല്ല രാഷ്ട്രീയക്കാരനാണ്. തമിഴ്നാട്ടിലും അദ്ദേഹത്തെ പോലെ നല്ല ആള്‍ക്കാര്‍ രാഷ്ട്രീയത്തിലുണ്ട്. അത്തരക്കാരെ നമ്മള്‍ തിരഞ്ഞെടുക്കണം. അല്ലാതെ സിനിമാക്കാരെ അല്ല. തമിഴ്നാട്ടില്‍ ഇതുപോലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വരണമെന്നാണ് ആഗ്രഹം,’ സത്യരാജ് പറഞ്ഞു.