തിരുവനന്തപുരം: കേരളത്തിൽ കാർഷികവായ്പകൾക്കു ഇതുവരെ നൽകിയിരുന്ന പലിശ ഇനി നൽകേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറും. കേരള ബാങ്കുവഴിയുള്ള കാർഷിക വായ്പകൾക്ക് ഒരു ശതമാനമെങ്കിലും പലിശ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ചാണ് കേരള ബാങ്ക് നിലവിൽ വരുന്നത്. കേരള ബാങ്കിന് ഇടക്കാല ഭരണസമിതിയുമായി കഴിഞ്ഞു. ഏകീകൃത കോർ ബാങ്കിങ്‌ സൗകര്യമുൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ കേരള ബാങ്ക് ഉടന പ്രവർത്തന സജ്ജമാകും.

നേരത്തെ കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അംഗീകാരം ലഭിച്ചിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള 13 ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനാണ് റിസര്‍വ് ബാങ്കില്‍ നിന്നും അന്തിമ അനുമതി ലഭിച്ചത്. സംസ്ഥാന സഹകരണ നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള വകുപ്പ് 14A-യുമായി ബന്ധപ്പെട്ട കേസുകളില്‍ കേരള ഹൈക്കോടതിയുടെ തീര്‍പ്പുകള്‍ക്ക് വിധേയമായാണ് ലയനം.

കേരള ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിദേശത്തുള്ള മലയാളികള്‍ക്ക് ഇടപാട് നടത്തുന്നതിനുള്ള സൗകര്യം അവിടെ ഏര്‍പെടുത്താനാണ് ശ്രമം. ആ സംവിധാനത്തിലൂടെ നാട്ടില്‍ പണമയക്കാന്‍ പ്രവസികൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. ഏകീകൃത കോര്‍ ബാങ്കിംങ് എന്ന ആധുനിക ബാങ്കിങ് സംവിധാനങ്ങളെല്ലാം ഏര്‍പെടുത്തും. ഒരുവര്‍ഷത്തിനുള്ളില്‍ ഇത്തരം സംവിധാനങ്ങള്‍ നിലവിൽ വരുമെന്നും അതോടൊപ്പം പ്രാഥമിക ബാങ്കുകളെ കേരള ബാങ്കിന്റെ ടച്ച് പോയിന്റുകളാക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.