മുംബൈ: വർഗീയ അജണ്ട നടപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ജനങ്ങളിലെ മതേതര വികാരം ഇല്ലാതാക്കുകയാണ് പൗരത്വ നിയമ ഭേദഗതിയെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. മുംബൈ നരിമാന്‍ പോയിന്‍റിലെ വൈ ബി ചവാന്‍ സെന്‍ററില്‍ മുംബൈ കളക്ടീവ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമപരമായി പോരാടുക, നിയമസഭയിൽ പ്രമേയം പാസാക്കുക, സമാധാനപരമായി തെരുവിൽ പ്രതിഷേധിക്കുക എന്നിവയാണ് കരിനിയമത്തിനെതിരെ ചെയ്യാനാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് മൂന്നും ചെയ്ത് സമര മുഖത്തെ ജേതാവാണ് കേരളമെന്നും കേരളത്തിന്‍റെ ശ്രമങ്ങളെല്ലാം മറ്റ് സംസ്ഥാനങ്ങളെയും സമാന നിലപാട് സ്വീകരിക്കുന്നതിന് സ്വാധീനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സി‌എ‌എ, എൻ‌ആർ‌സി, എൻ‌പി‌ആർ എന്നിവയിലൂടെ ഹിന്ദുത്വ ഇന്ന് ഉയർത്തുന്ന വെല്ലുവിളിയോട് മുംബൈ നടത്തിയ പ്രതികരണം ഗംഭീരമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ്; നിഗമനം മാത്രമെന്ന് ആരോഗ്യമന്ത്രി

“കഴിഞ്ഞ ഏതാനും ആഴ്ചകളായി മുംബൈയിലെ പൗരന്മാർ, സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ, നമ്മുടെ രാഷ്ട്രീയത്തിന്റെ മതേതര ഘടകങ്ങളെ തകർക്കാനുള്ള ഹിന്ദുത്വത്തിന്റെ ശ്രമങ്ങളോടുള്ള എതിർപ്പ് വ്യക്തമാക്കുന്നു. നമ്മുടെ മതേതരത്വത്തിനും ഇന്ത്യൻ ഭരണഘടനയ്ക്കും വേണ്ടി നഗരത്തിലുടനീളം നടക്കുന്ന പോരാട്ടങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കട്ടെ,” എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻ കാലങ്ങളിൽ നമ്മുടെ പോരാട്ടം കൊളോണിയലിസത്തിന് എതിരായിരുന്നു എന്നും എന്നാൽ ഇപ്പോൾ വർഗീയതയ്‌ക്കെതിരായ പോരാട്ടം കൊളോണിയലിസത്തിന് കൂട്ടു നിന്നവർക്കെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

citizenship act,പൗരത്വ നിയമം,പിണറായി വിജയന്‍,pinarayi vijayan, mumbai, മുംബൈ, chief minister, മുഖ്യമന്ത്രി, iemalayalam, ഐഇ മലയാളം

“സാമുദായിക തലത്തിൽ ഞങ്ങളെ ഭിന്നിപ്പിച്ച് ജനങ്ങളുടെ ഐക്യം തകർക്കാൻ കോളോണിയലിസത്തിലൂടെ ശ്രമങ്ങൾ നടന്നു. ഇന്ന്, സാമുദായിക സംഘടനകൾ അവരുടെ മുൻ യജമാനന്മാർ പരീക്ഷിച്ച അതേ തന്ത്രമാണ് ഉപയോഗിക്കുന്നത്. സാമ്പത്തിക ദുരിതങ്ങളുടെയും ഉയർന്നുവരുന്ന ജനങ്ങളുടെ ചെറുത്തുനിൽപ്പുകളുടെയും പശ്ചാത്തലത്തിൽ, മതത്തിന്റെ പേരിൽ തൊഴിലാളികൾ, കൃഷിക്കാർ, വിദ്യാർത്ഥികൾ, ദളിതർ, ആദിവാസികൾ എന്നിവരുടെ ഐക്യം തകർക്കാൻ അവർ ശ്രമിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിച്ച പിണറായി വിജയന് നന്ദിയുണ്ടെന്നും അദ്ദേഹത്തെ മുംബൈ നഗരം സ്വാഗതം ചെയ്യുന്നുവെന്നും കഴിഞ്ഞ ദിവസം സംഘാടകര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. കൂടാതെ പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന കേരളത്തെ സംഘാടകര്‍ അഭിനന്ദിക്കുകയും ചെയ്‍തു.

പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിര്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. സിഎഎയും എന്‍ആര്‍സിയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ക്കെതിരെയുള്ള കേരളത്തിന്‍റെ രാഷ്ട്രീയ നിലപാട് ആയിരക്കണക്കിനാളുകള്‍ക്ക് പ്രചോദനമാണ്. സിഎഎ, എന്‍ആര്‍സി വിരുദ്ധ പോരാട്ടത്തിന് കേരളമാണ് മുന്നില്‍ നിന്ന് നയിക്കുന്നത്. ജനജീവിത നിലവാരത്തിലും കേരളം രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നതെന്നും സംഘാടകര്‍ കുറിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook