scorecardresearch
Latest News

സിൽവർലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ല, പ്രചാരണം വസ്തുതാ വിരുദ്ധം: മുഖ്യമന്ത്രി

ശ്രീലേഖ എന്നെ അതൃപ്തി അറിയിച്ചില്ല, എന്ത് സംഭവിച്ചെന്ന് അവർ തന്നെ പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു

pinarayi vijayan, vd satheeshan
ഫയൽ ചിത്രം

തിരുവനന്തപുരം: സിൽവർലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താകും പാതയുടെ നിര്‍മ്മാണം. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറക്കാൻ പഠനം നടക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദമായി പദ്ധതി നടപ്പാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിൽവർലൈൻ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ്. സർക്കാർ പദ്ധതിയെ കുറിച്ച് ഒന്നും മറച്ചുവെച്ചിട്ടില്ല. എല്ലാം നിയമസഭാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. നിലവിലെ റെയിൽപാതകൾ നവീകരിച്ച് വേഗത കൂട്ടൽ അപ്രായോഗികമാണ്. നാടിന് വേഗതയിൽ പോകാൻ കഴിയണം. അതിന് സിൽവർലൈനെക്കാൾ മെച്ചപ്പെട്ട ഒന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ഷാഫി പറമ്പിൽ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

‘ശ്രീലേഖ എന്നെ അതൃപ്തി അറിയിച്ചില്ല, എന്ത് സംഭവിച്ചെന്ന് അവർ തന്നെ പറയണം’

പൊലിസ് സേനയിലെ അതൃപ്‌തി മുൻ ഡിജിപി ആർ.ശ്രീലേഖ തന്നെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കേരള പൊലിസിലെ വനിതാ ഉദ്യോഗസ്ഥർ മേലധികാരികളിൽനിന്നു ലൈംഗികചൂഷണം ഉൾപ്പെടെ നേരിടേണ്ടി വരുന്നുവെന്ന് ശ്രീലേഖ മനോരമയുടെ ‘നേരെ ചൊവ്വേ’ പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു. ഇത് സഭയിൽ ഉന്നയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീലേഖ തന്നെ അത‍ൃപ്തി അറിയിച്ചിട്ടില്ല. അവർ അപമാനം സഹിച്ചു എന്നാണ് പറയുന്നത്. എപ്പോഴാണ് ദുരനുഭവം ഉണ്ടായത് എന്ന് അവർ പറഞ്ഞിട്ടില്ല. കാലഘട്ടവും അവ്യക്തം. എന്ത് സംഭവിച്ചെന്ന് ശ്രീലേഖ തന്നെ പറയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘കേരളത്തെ കുറിച്ച് യോഗി പറഞ്ഞത് ശരിയല്ലാത്ത വർത്തമാനം’

യുപിയിലെ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് മുൻപ് കേരളത്തെക്കുറിച്ച് യോഗി പറഞ്ഞത് രാഷ്ട്രീയമായി ശരിയല്ലാത്ത വർത്തനമാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. യുപിയിലെ മറ്റ് നേതാക്കൾ കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ നേട്ടം യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അംഗീകരിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോൾ മുതിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമർശം നേരത്തെ വിവാദമായിരുന്നു. യുപിയിലെ വോട്ടർമാർക്ക് പിഴവ് പറ്റിയാൽ, കേരളത്തിനും, ബംഗാളിനും, കശ്മീരിനും തുല്യമാകുമെന്നായിരുന്നു യോഗിയുടെ പരാമർശം. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. മുഖ്യമന്ത്രി അന്ന് തന്നെ ട്വിറ്ററിലൂടെ അതിന് മറുപടി നൽകിയിരുന്നു.

Also Read: ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയ്ക്കെതിരായ പൊലീസ് നീക്കത്തിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan in assembly about silverline r sreelekha yogi adityanath