തൃശൂര്‍: കോണ്‍ഗ്രസിനേയും  ബി ജെ പിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും നടത്തുന്ന ജാഥകള്‍ക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. രണ്ടു രഥങ്ങളിലായി രണ്ടു കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എവിടെവെച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തൃശൂരില്‍ എല്‍ഡിഎഫിന്റെ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്. കോണ്‍ഗ്രസിന് എന്തൊരു അധഃപതനമാണ് വന്നിരിക്കുന്നതെന്ന് നോക്കണം’ കോണ്‍ഗ്രസ് ജാഥ നയിക്കുന്ന കെ. സുധാകരനെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇവിടെ നിന്ന് ഇല്ലാതാകുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞപ്പോള്‍ അതിനെതിരെ പറയാനുള്ള ആര്‍ജ്ജവം ഒരു കോണ്‍ഗ്രസുകാരനും കാണിച്ചില്ലെന്ന് മുഖ്യമന്ത്രി ഇന്നും ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസുകാരുടെ നേതാവ് രാഹുല്‍ ഗാന്ധിയല്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചതാണ്. രാഹുല്‍ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അമിത് ഷായുടെ അഭിപ്രായത്തോടൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.

വൈക്കം ഗുരുവായൂര്‍ സത്യാഗ്രഹങ്ങളില്‍ പങ്കെടുത്തവര്‍ വഴി നടക്കാനും ക്ഷേത്രത്തില്‍ പോകാനും കഴിയാത്തവര്‍ മാത്രമായിരുന്നില്ല, സവര്‍ണ വിഭാഗത്തില്‍ പെടുന്നവരും ചേര്‍ന്നാണ് ഈ പോരാട്ടങ്ങള്‍ നടത്തിയതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റുന്നവരില്‍ പ്രധാനിയാണ് മന്നത്ത് പത്മനാഭന്‍. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്തവരായിരുന്നില്ല എകെജിയും കൃഷ്ണപിള്ളയും കെ.കേളപ്പനുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘ആര്‍എസ്എസിന്റെ ഘടന എന്താണെന്ന് കേരളത്തിലെ എല്ലാവര്‍ക്കുമറിയാം. ഒരു അക്രമി സംഘം അവര്‍ക്കുണ്ട്. അവര്‍ക്ക് പ്രത്യേക തരത്തിലുള്ള പരിശീലനവുമുണ്ട്. ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലാം എന്നാണ് അവരുടെ പരിശീനത്തിലുള്ളത്. അവിടെ നിന്ന് പുറത്ത് വന്നവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.സന്നിധാനത്തില്‍ കലാപം നടക്കണമെന്നും അവിടുത്തെ ശാന്തിയും സമാധാനവും നഷ്ടപ്പെടണമെന്നുമാണ് അവരുടെ ഉദ്ദേശം. അത് കൊണ്ട് അവര്‍ക്കുണ്ടാകുന്ന നേട്ടമെന്താണെന്ന് പിന്നീടുള്ള അവരുടെ പ്രചാരണത്തില്‍ പറയുന്നുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ മതനിരപേക്ഷ മനസ് ആര്‍ക്കും ഉലക്കാനാവില്ല. നമ്മുടെ ഒരുമയുടെ യശസ്സ് പ്രളയത്തിന്റെ സമയത്ത് ലോകമാകെ അറിഞ്ഞതാണ്. ആ വെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്ക് നയിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ എന്ന് ചിന്തിക്കണമെന്നും പിണറായി പറഞ്ഞു. ശബരിമല വിഷയത്തില്‍ പാര്‍ട്ടി വോട്ടിനെ കുറിച്ച് ആലോചിച്ച് പേടിക്കുന്നില്ലെന്നും കേരളത്തെ നവോത്ഥാന പാതയില്‍ മുന്നോട്ട് നയിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.