തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക് മാറും. മുഖ്യമന്ത്രി പിണറായി വിജയനു പുറമേ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് നിരീക്ഷണത്തിലേക്ക് മാറുക. ഇവർക്ക് പുറമേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിരീക്ഷണത്തിൽ പോകും. രണ്ടു ദിവസം മുമ്പു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ തോമസ് ഐസക് പങ്കെടുത്തിരുന്നു.
ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോകുന്നത്. നേരത്തെ മലപ്പുറം ജില്ല കലക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്, കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയിരുന്നു. സന്ദർശനത്തിൽ കലക്ടറും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
Read More: മൂവായിരവും കടന്ന് പ്രതിദിന കണക്ക്; ഇന്ന് സംസ്ഥാനത്ത് 3082 പേർക്ക് കോവിഡ്, 2196 പേർക്ക് രോഗമുക്തി
ഞായറാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിലാണ് ധനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഔദ്യോഗിക വസതിയിൽ ഐസലേഷനിലേക്ക് മാറിയ മന്ത്രിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായില്ലെന്നാണ് വിവരം. കോവിഡ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്നാണ് മന്ത്രി പരിശോധനയ്ക്ക് വിധേയനായത്.
അണുനശീകരണത്തിന്റെ ഭാഗമായി ധനമന്ത്രിയുടെ ഓഫീസ് ഇന്ന് പ്രവർത്തിക്കില്ല. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കമുളളവര്‍ നിരീക്ഷണത്തില്‍ പോയി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടല്ല.
അതേ സമയം സംസ്ഥാനത്ത് കോവിഡ് രോഗബാധ കുതിച്ചുയരുകയാണ്. ഇന്നലെ സംസ്ഥാനത്ത് 3082 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 കടക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2844 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇന്നലെ 10 കോവിഡ് മരണങ്ങൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലായിരുന്ന 2196 പേർ രോഗമുക്തി നേടി.