കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ വലിയ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും അതുകൊണ്ട് തന്നെ ആയുധം താഴേവെക്കാൻ പറയാൻ കഴിയില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
പിഎസ്സിയിലെ പിൻവാതിൽ നിയമനത്തെ കുറിച്ച് അറിയുന്നതിനാലാണ് അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട് പിഎസ്സിയുടെ പ്രാദേശിക ഓഫീസ് പോലെയാണ് പ്രവർത്തിച്ചിരുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അതേസമയം കെഎസ്യു നടത്തുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട് കെഎസ്യു വനിത പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലോക്ക് മാർച്ച് ചെയ്ത കെഎസ്യു പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തു മാറ്റി. സെക്രട്ടറിയേറ്റ് പടിക്കൽ കെഎസ്യു നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ എബിവിപി നടത്തുന്ന 72 മണിക്കൂർ പ്രതിഷേധ ധർണ ഇന്ന് സമാപിക്കും.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ ഗുണ്ടായിസം അവസാനിക്കണമെങ്കിൽ കോളേജ് ഇടിച്ചു നിരത്തണമെന്ന് ലോക്സഭാ എംപിയുമായ കെ മുരളീധരൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ അവിടേക്ക് മാറ്റണം. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ യൂണിവേഴ്സിറ്റി കോളേജ് അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.