കോട്ടയം: ആശിച്ചു വാങ്ങിച്ച സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു സുനീഷിനും കുടുംബത്തിനും ആശ്വാസമേകി മുഖ്യമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് വാങ്ങിയ സൈക്കിളുമായി കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന സുനീഷിന്റെ വീട്ടിലെത്തുകയും സുനീഷിന്റെ മകൻ ജസ്റ്റിന് അത് കൈമാറുകയും ചെയ്തു.
പുതിയ സൈക്കിളില്‍ കയറിയിരുന്ന ജസ്റ്റിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നപ്പോള്‍ ഉരുളികുന്നം കണിച്ചേരില്‍ വീടിന്റെ വലിയൊരു സങ്കടമാണ് നീങ്ങിയതെന്ന് കോട്ടയം കലക്ടർ എം അഞ്ജന ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
“ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്ന് ഉച്ചയ്ക്കാണ് പുതിയ സൈക്കിളുമായി ഉരുളികുന്നത്തെ ജസ്റ്റിന്റെ വീട്ടിലെത്തിയത്. കൈകാലുകളെ ബാധിച്ച വൈകല്യത്തിന് മനസിനെ വിട്ടുകൊടുക്കാതെ സ്വന്തമായി ഒരു കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തിവരികയാണ് ജസ്റ്റിന്റെ പിതാവ് സുനീഷ് ജോസഫ്. മൂന്നു മാസം മുന്‍പ് ഇദ്ദേഹം മകന് വാങ്ങിക്കൊടുത്ത സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച്ച രാത്രി വീട്ടുമുറ്റത്തുനിന്ന് മോഷണം പോയത്. സൈക്കിള്‍ തിരികെ കിട്ടാന്‍ കാത്തിരിക്കുന്ന ഈ കുടുംബത്തെക്കുറിച്ചുള്ള ഇന്നത്തെ പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് പുതിയ സൈക്കിള്‍ വാങ്ങി നല്കാന് ബഹു. മുഖ്യമന്ത്രി നിര്‍ദേശിച്ചത്,” ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പുതിയ സൈക്കിളില്‍ കയറിയിരുന്ന ജസ്റ്റിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നപ്പോള്‍ ഉരുളികുന്നം കണിച്ചേരില്‍ വീടിന്റെ വലിയൊരു…
Posted by Kottayam Collector on Tuesday, 26 January 2021
സുനീഷിന്റെ മകൻ ജസ്റ്റിന്റെ ഒൻപതാം പിറന്നാളിന് സുനീഷ് വാങ്ങിയ സൈക്കിളാണ് മോഷ്ടിക്കപ്പെട്ടത്. മകന്റെയും തങ്ങളുടെ കുടുംബത്തിന്റെയും സങ്കടം പങ്കുവച്ചുകൊണ്ട്, സൈക്കിൾ ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ തിരിച്ചു നൽകാൻ അപേക്ഷിച്ചുകൊണ്ടുള്ള സുനീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു.
Read More: പത്മഭൂഷൺ: മലയാളത്തിന്റെ വാനമ്പാടിക്ക് അഭിന്ദനങ്ങളുമായി സിനിമാ സംഗീത ലോകം
ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിനുശേഷം കോട്ടയത്തുനിന്ന് സൈക്കിള്‍ വാങ്ങി ഉരുളികുന്നത്ത് എത്തിക്കുകയായിരുന്നുവെന്ന് കലക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “അധ്വാനിച്ചുതന്നെ ജീവിതം തുടരാന്‍ ആഗ്രഹിക്കുന്ന സുനീഷ് അക്ഷയ സേവന കേന്ദ്രം അനുവദിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചു. ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്തും സുനീഷിനെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പഞ്ചായത്തില്‍നിന്നും തീരുമാനമുണ്ടായാല്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് അക്ഷയ കേന്ദ്രം അനുവദിക്കുന്നത് പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിലും അറിയിച്ചിട്ടുണ്ട്,” കലക്ടർ പറഞ്ഞു.