ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുളള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി. നാല് തവണ അനുമതി നിഷേധിച്ചതിന് ശേഷമാണ് അഞ്ചാം തവണത്തെ അപേക്ഷയില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം 19ന് പ്രധാനമന്ത്രിയെ കാണാമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. കഞ്ചിക്കോട് ഫാക്ടറി വിഷയം, കേരളത്തിനുള്ള റേഷന്‍ വിഹിതം വര്‍ധന എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നത്. അമേരിക്കയിലുളള മുഖ്യമന്ത്രി 18നാണ് തിരികെ എത്തുക. ഇതിന് ശേഷമാണ് പ്രധാനമന്ത്രിയെ കാണുക.

നീതി ആയോഗിന്റെ യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തിയപ്പോൾ അനുമതി നിഷേധിച്ചിരുന്നു. ഈ ദിവസം അല്ലെങ്കില്‍ പ്രധാനമന്ത്രിക്ക് സൗകര്യമുള്ള ഒരു ദിവസം സമയം അനുവദിക്കാന്‍ കത്ത് നല്‍കിയിട്ടും ഫലമുണ്ടായില്ല. പിന്നീട് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഡൽഹിയില്‍ ചെന്നപ്പോഴും പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി അനുമതി തേടിയിരുന്നു. എന്നാല്‍ പകരമായി ഭക്ഷ്യ പൊതുവിതരണ മന്ത്രി റാംവിലാസ് പസ്വാനെ കാണാനായിരുന്നു മറുപടി. നേരത്തെ നോട്ട് നിരോധന കാലത്ത് സഹകരണ ബാങ്കുകളുടെ പ്രതിസന്ധി വിഷയത്തിലും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.

2017ല്‍ വരള്‍ച്ചാ സഹായം തേടിയുള്ള കൂടിക്കാഴ്ചയ്ക്കും കേന്ദ്രം അനുമതി നല്‍കുകയുണ്ടായില്ല. ഓഖി ദുരന്തമുണ്ടായതിന് പിന്നാലെ പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ചതും കേരള മുഖ്യമന്ത്രിയെ വിളിക്കാതിരുന്നതും അന്ന് ചര്‍ച്ചയായിരുന്നു. തുടര്‍ച്ചയായി അനുമതി നിഷേധിച്ചതില്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒന്നടങ്കം പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത് കേരളത്തോടുള്ള നിഷേധമാണ് എന്നും പിണറായി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ