കൊച്ചി: ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകൾ സിനിമയിൽ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിൻ രാജേന്ദ്രൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കയ്യൂർ സമരം ചിത്രീകരിക്കുന്ന മീനമാസത്തിലെ സൂര്യൻ, കേരള ചരിത്രത്തിലെ മറ്റൊരു കാലഘട്ടം അവതരിപ്പിക്കുന്ന സ്വാതിതിരുനാൾ എന്നിവ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അതിൽ ഡോക്യുമെന്ററി സാധ്യതയുണ്ടെന്നും അദ്ദേഹം കണ്ടറിഞ്ഞു. കലാമൂല്യമുള്ള സിനിമകളിലേക്ക് ജനങ്ങളെ സാർവത്രികമായി ആകർഷിച്ച കലാകാരനായിരുന്നു അദ്ദേഹം. വേനൽ, ചില്ല്, ദൈവത്തിന്റെ വികൃതികൾ മുതലായ സിനിമകളിൽ ലെനിൻ രാജേന്ദ്രന്റെ ഈ വൈഭവം പ്രകടമാണ്. പുതിയ ചലച്ചിത്ര സംസ്കാരത്തെ പോഷിപ്പിച്ചതിൽ പ്രമുഖനായിരുന്നു ലെനിൻ രാജേന്ദ്രൻ എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ലെനിൻ രാജേന്ദ്രന്റെ അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഭാര്യ ഡോ.രമണി. പാര്‍വതി, ഗൗതമന്‍ എന്നിവര്‍ മക്കളാണ്.

വചനം (1989), ദൈവത്തിന്റെ വികൃതികൾ (1992), മഴ(2000), കുലം, അന്യർ (2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവ പ്രധാന ചിത്രങ്ങളാണ്. ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിന് 1992 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ‘കുലം’ എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്കാരവും നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ