scorecardresearch
Latest News

‘പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന’; വിഴിഞ്ഞം പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം സമരസമിതിയുമായി ചര്‍ച്ച ചെയ്തതിന് ശേഷം എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു

‘പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന’; വിഴിഞ്ഞം പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവ മാനുഷികമുഖത്തോടെയാകണമെന്ന കാര്യത്തിലും സര്‍ക്കാരിന് നിഷ്‌ക്കര്‍ഷയുണ്ട്. കേരളത്തിലെ സാമ്പത്തിക-വാണിജ്യ രംഗങ്ങളില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കാന്‍ സാധ്യതയുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ഭൂമിശാസ്ത്രപരമായ സവിശേഷതകളും വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അനുയോജ്യതയുമാണ് ഈ തുറമുഖ പദ്ധതിയെ അനന്യമാക്കുന്നത്.

വിഴിഞ്ഞം തുറമുഖനിര്‍മ്മാണം 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഈ ഘട്ടത്തില്‍ ചില കോണുകളില്‍ നിന്നും ആശങ്കകള്‍ ഉയര്‍ന്നുവരികയും തുറമുഖ പ്രദേശത്ത് ആഗസ്റ്റ് 16 മുതല്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയുമുണ്ടായി. സമരസമിതി പ്രധാനമായും ഏഴ് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്.ഇതില്‍ തുറമുഖനിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമൊഴികെ മറ്റ് ആവശ്യങ്ങളെക്കുറിച്ച് സമരസമിതിയുമായി തുറന്ന മനസോടെ സര്‍ക്കാര്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തി.

ഇതിനായി ഒരു മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയുമുണ്ടായി. ആഗസ്റ്റ് 19 മുതല്‍ ഈ മന്ത്രിസഭാ ഉപസമിതി സമരസമിതി നേതാക്കളുമായി വിവിധ തീയതികളില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തി. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ മറ്റെല്ലാ ആവശ്യങ്ങളും സംബന്ധിച്ച് ഉപസമിതിയുമായുള്ള ചര്‍ച്ചയില്‍ത്തന്നെ ധാരണയായിരുന്നു. സമരം അവസാനിക്കാത്തതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി തലത്തിലും തുടര്‍ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.

ചില ഘട്ടങ്ങളില്‍ സമരം അക്രമാസക്തമാകുന്ന ദൗര്‍ഭാഗ്യകരമാകുന്ന സ്ഥിതിവിശേഷവുമുണ്ടായി. ക്രമസമാധാനപാലനത്തിനായി വിന്യസിക്കപ്പെട്ട സംസ്ഥാന പോലീസ് സേന തികഞ്ഞ സംയമനത്തോടെയാണ് ഈ സ്ഥിതിവിശേഷത്തെ നേരിട്ടത്. അനിഷ്ടസംഭവങ്ങള്‍ നിയന്ത്രണാതീതമായി പോകാതിരിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ സമീപനം ഏറെ സഹായകമായി.

സമരസമിതിയുമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും അവ നടപ്പാക്കിവരികയുമാണ്. സമരസമിതി ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങള്‍ക്കു മേല്‍ ഇന്നലെ നടത്തിയ ഉന്നതതല ചര്‍ച്ചകളില്‍ തീരുമാനമാവുകയും സമരം അവസാനിപ്പിക്കാന്‍ സമരസമിതി തയാറാവുകയുമുണ്ടായി.

തീരുമാനങ്ങളുടെ വിശദാംശങ്ങള്‍

  • വിഴിഞ്ഞം തുറമുഖനിര്‍മ്മാണം മൂലമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുവാനായി 2020 നവംബര്‍ മൂന്നിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലാതല സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും മേല്‍നോട്ടം വഹിക്കുന്നതാണ്.
  • ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും. രണ്ടുമാസത്തെ വാടക അഡ്വാന്‍സായി നല്‍കും. സെപ്തംബര്‍ ഒന്നാം തീയതിയിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം 5,500 രൂപ പ്രതിമാസം വാടക ഇനത്തില്‍ നല്‍കുന്നതാണ്.
  • പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും, വീടിന്റെ ആകെ വിസ്തീര്‍ണ്ണം 635 ചതുരശ്ര അടി അധികരിക്കാതെ ഡിസൈനുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്യുന്നതാണ്. ഇതു കൂടാതെ, വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനായി പൊതുവായി ഒരു സ്ഥലം ഒരുക്കും.
  • തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതാണ്. തുറമുഖ പ്രവര്‍ത്തനം തുടരും.
  • നിലവിലുള്ള മണ്ണെണ്ണ എഞ്ചിനുകള്‍ ഡീസല്‍, പെട്രോള്‍, ഗ്യാസ് എഞ്ചിനുകളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കും. ഇതിനായി ഒറ്റത്തവണ സബ്‌സിഡി നല്‍കും.
  • കേരള തീരത്ത് മത്സ്യബന്ധനം നടത്തരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം പുറപ്പെടുവിക്കുന്ന തീയതികളില്‍ തൊഴില്‍നഷ്ടം ഉണ്ടാകുന്നത് പരിഗണിച്ച് ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്, മേല്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്ന തീയതികളുടെ എണ്ണം കണക്കാക്കി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം എ(1)(ഇ) അനുസരിച്ച് തൊഴില്‍ നഷ്ടപരിഹാരം നല്‍കുവാന്‍ നടപടി സ്വീകരിക്കും. അതു കൂടാതെ, ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമുള്ളപക്ഷം അവരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി / അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി തുടങ്ങിയ തൊഴില്‍ദാന പദ്ധതികളില്‍ ഉള്‍പ്പെടുത്തും.
  • മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളില്‍ പൂനെ സെന്‍ട്രല്‍ വാട്ടര്‍ & പവര്‍ റിസര്‍ച്ച് സ്റ്റേഷനുമായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും ഫിഷറീസ് വകുപ്പ് ചര്‍ച്ച സംഘടിപ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan explained decisions on vizhinjam port at assembly