scorecardresearch
Latest News

മുന്നാക്ക സംവരണം: ലക്ഷ്യം എല്ലാവര്‍ക്കും ജീവിതയോഗ്യമായ സാഹചര്യം, ഭിന്നിപ്പുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി

ഒരു കൂട്ടര്‍ കാരണമാണു തങ്ങള്‍ക്ക് ആനുകൂല്യം കിട്ടാത്തതെന്ന മട്ടില്‍ വാദിക്കുന്ന പ്രവണത ശരിയായതല്ല. സംവരണത്തെ വൈകാരികമായി വളര്‍ത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടുകയാണു ചെയ്യുന്നതെന്നും മുഖ്യമന്ത്രി

മുന്നാക്ക സംവരണം: ലക്ഷ്യം എല്ലാവര്‍ക്കും ജീവിതയോഗ്യമായ സാഹചര്യം, ഭിന്നിപ്പുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആനുകൂല്യത്തിലെ വേര്‍തിരിവ് പറഞ്ഞ് മുന്നാക്ക സംവരണ വിഷയം സംബന്ധിച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം അട്ടിമറിക്കുന്നില്ല. മറിച്ച് എല്ലാ വിഭാഗത്തിലെയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നയമാണു എല്‍ഡിഎഫിന്റേത്. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേ ഇന്നാരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു കൂട്ടര്‍ കാരണമാണു തങ്ങള്‍ക്ക് ആനുകൂല്യം കിട്ടാത്തതെന്ന മട്ടില്‍ വാദിക്കുന്ന പ്രവണത ശരിയായതല്ല. എല്ലാവര്‍ക്കും ജീവിതയോഗ്യമായ സാഹചര്യമുണ്ടാകുകയാണു പ്രധാനം. എന്നാല്‍ അതില്ല. അതിനു കാരണം വ്യവസ്ഥിതിയുടെ കുഴപ്പമാണ്. അടിസ്ഥാനപരമായ ഇത്തരമൊരു അവസ്ഥയ്ക്ക് അറുതിവരുത്താനുള്ള കൂട്ടായ പോരാട്ടമാണു നടക്കേണ്ടത്. ആ പോരാട്ടത്തില്‍ അണിനിരക്കേണ്ട വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന അവസ്്ഥയാണു പരസ്പരം ആരോപണമുന്നയിക്കുന്നതിലൂടെ ഉണ്ടാവുകയെന്നതു തിരിച്ചറിയണം.

സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം പരമദരിദ്രരാണ്. ഒരു സംവരണാനുകൂല്യവും ലഭിക്കില്ല. ഇതാണു 10 ശതമാനം സംവരണം വേണമെന്ന ആവശ്യത്തിലേക്ക് എത്തുന്നതിനിടയാക്കിയത്. സംസ്ഥാനത്ത് 50 ശതമാനം സംവരണം പട്ടികജാതി-വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കുമായി നിലനില്‍ക്കുന്നുണ്ട്. ബാക്കി വരുന്ന 50 ശതമാനത്തില്‍ പൊതുവിഭാഗത്തിലെ പാവപ്പെട്ട 10 ശതമാനത്തിനു പ്രത്യേക പരിഗണന നല്‍കുന്ന നിലയാണ് ഇപ്പോള്‍ വരിക. ഇതൊരു കൈത്താങ്ങാണ്.

ആദ്യം പറഞ്ഞ സംവരണവിഭാഗത്തിന്റെ 50 ശതമാനം തുടരുക തന്നെ ചെയ്യും. 10 ശതമാനം ഏര്‍പ്പെടുന്നത് ഏതെങ്കിലും തരത്തിലുള്ള സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ല. കഴിഞ്ഞ പതിറ്റാണ്ടുകളിലെ സംവരണേതര വിഭാഗത്തില്‍പ്പെട്ട പലരും സാമ്പത്തികമായി വലിയ തോതില്‍ വിഷമമനുഭവിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന ആളുകള്‍ക്കാണു 10 ശതമാനം സംവരണാനുകൂല്യം ലഭിക്കുന്നത്. എല്ലാ വിഭാഗത്തിലെയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നയമാണു സംവരണത്തിന്റെ കാര്യത്തിലും എല്‍ഡിഎഫ് സ്വീകരിച്ചിരിക്കുന്നത്.

Also Read: ചാര്‍ജ് വര്‍ധന: സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രിയുടെ ചര്‍ച്ച ഇന്ന്

സംവരണവിഭാഗങ്ങളും സംവരണേതര വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷമല്ല, അവരെ പരസ്പരം യോജിച്ചുനിന്നുകൊണ്ട് സാമൂഹ്യവും സാമ്പത്തികവുമായ അവശതകള്‍ക്കെതിരെയുള്ള പൊതുവായ സമരനിരയാണു രാജ്യത്ത് ഉയര്‍ന്നുവരേണ്ടത്. മനുഷ്യന്റെ വിവിധങ്ങളായ അവശതകളില്‍പ്പെട്ടതാണ് വിവിധങ്ങളായ അടിച്ചമര്‍ത്തലും സാമ്പത്തികമായ അവശതകളും. സംവരണത്തെ വൈകാരികമായി വളര്‍ത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടുകയാണു ചെയ്യുന്നത്. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ളവ നിലവിലുള്ള മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെയും നവ ഉദാരീകരണ നയത്തിന്റെയും പ്രശ്‌നങ്ങളാണ്. അത് ആ രീതിയില്‍ തന്നെ തിരിച്ചറിയണം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കു സംവരണം നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കു അതതിടങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താമെന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ചാണ് റിട്ട. ജഡ്ജി ശശിധരന്‍ നായര്‍ അധ്യക്ഷനായ സമിതി കേരളത്തിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ശിപാര്‍ശകള്‍ മുന്നോട്ടുവച്ചത്. അതുപ്രകാരമാണ് സംവരണേതരായ 164 വിഭാഗങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ ഓരോ വാര്‍ഡിലെയും അഞ്ച് കുടുംബങ്ങളെ വീതം ഉള്‍പ്പെടുത്തിയുള്ള സര്‍വേയൊണു നടത്തുന്നത്. ഏതാണ്ട് ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ വിവരശേഖരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan ews reservation survey