കാസര്‍ഗോഡ്: ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസ് ചര്‍ച്ചയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. “എന്ത് കാര്യമാണ് ഇരുകൂട്ടര്‍ക്കും സംസാരിക്കാനുള്ളത്. തങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ കൊന്നുതള്ളാന്‍ പോലും മടിയില്ലെന്ന് തെളിയിച്ചവരാണ് സംഘപരിവാര്‍, അടുത്തിടെയാണ് രണ്ട് മുസ്ലിങ്ങളെ ചുട്ടുകൊന്നത്, ആര്‍ക്ക് വേണ്ടിയാണ് ഈ ചര്‍ച്ച,” മുഖ്യമന്ത്രി ചോദിച്ചു.
“ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ല ഈ ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ്-വെല്‍ഫയര്‍ പാര്‍ട്ടി-മുസ്ലിം ലീഗ് ത്രയമാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വെല്‍ഫയര്‍ പാര്‍ട്ടി ലീഗുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടിയവരാണ്. വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ലീഗിലെ ഒരു വിഭാഗമാണ്. കാര്യങ്ങള്‍ ദുരൂഹമാണ്,” മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യുഡിഎഫിനെതിരെയും മുഖ്യമന്ത്രി ചോദ്യങ്ങള്‍ ഉന്നയിച്ചു. “സംസ്ഥാനത്തിനെ സഹായിക്കുന്ന നിലപാടല്ല കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം മിണ്ടുന്നില്ല. എന്തുകൊണ്ടാണ് കേന്ദ്ര നിലപാടുകളെക്കുറിച്ച് പ്രതിപക്ഷം മിണ്ടാതിരിക്കുന്നത്,” മുഖ്യമന്ത്രി ചോദിച്ചു.
പൊതുമേഖല സ്ഥാപനങ്ങള്‍, പി എസ് സി, വ്യവസായ മേഖല, സാമ്പത്തികാവസ്ഥ എന്നിവയ്ക്കെതിരെ നടക്കുന്നത് ദുഷ്പ്രചരണങ്ങളാണെന്ന് മുഖ്യമന്ത്രി വാദിച്ചു. സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തേക്കാള്‍ മികച്ച നിലയിലാണ് സംസ്ഥാനമെന്ന് പിണറായി വിജയന്‍ അവകാശപ്പെട്ടു. കണക്കുകള്‍ നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാല്‍ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാഹ മോചനം മുസ്ലിം നടത്തിയാൽ ജയിലിൽ അടക്കണം എന്ന കേന്ദ്രനയം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന നിലപാടും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വര്‍ഗീയതയ്ക്കെതിരെ ശക്തമായ പോരാട്ടമാണ് ഇടതുപക്ഷം നടത്തുന്നതെന്നും പിണറായി വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എം വി ഗോവിന്ദന് പുറമെ ജാഥയില്‍ സിപിഎം നേതാക്കളായ സി എസ് സുജാത, പി കെ ബിജു, ജെയ്ക്ക് സി തോമസ്, എം സ്വരാജ് എന്നിവരും ഭാഗമാകും.