scorecardresearch

'ഏത് വിദഗ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും'; ഇ.ശ്രീധരനെതിരെ മുഖ്യമന്ത്രി

കേരളത്തിൽ ഇത്തവണയും കോ-ലീ-ബി സഖ്യം ഉണ്ടാകാമെന്നും എല്‍ഡിഎഫിന് ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിൽ ഇത്തവണയും കോ-ലീ-ബി സഖ്യം ഉണ്ടാകാമെന്നും എല്‍ഡിഎഫിന് ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുന്നു: മുഖ്യമന്ത്രി

പാലക്കാട്: ബിജെപിയുടെ പാലക്കാട് സ്ഥാനാർഥി മെട്രോമാൻ ഇ.ശ്രീധരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.ശ്രീധരൻ നടത്തുന്നത് വെറും ജൽപ്പനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ എൻജിനീയറിങ് രംഗത്തെ വിദഗ്ധനായിരുന്നു അദ്ദേഹം. എന്നാല്‍ ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കും. ഇതിന്റെ ഭാഗമായി ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Advertisment

ശബരിമലയില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്‌തേ നടപ്പാക്കൂവെന്നും പിണറായി ആവര്‍ത്തിച്ചു. ശബരിമലയില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പ്രതിപക്ഷം ഉയര്‍ത്തുന്ന ശബരിമല വിഷയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏശില്ല. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെക്കുറിച്ച് വിശ്വാസികള്‍ക്ക് സംശയങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: രോഗികളുടെ എണ്ണം കൂടുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 39,726 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടതുപക്ഷത്തെ തകർക്കാൻ കോൺഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്ര ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതിനെ ഇല്ലാതാക്കാൻ വേണ്ടി ഇവർ ഒരുമിച്ച് നിൽക്കുകയാണെന്നും സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.

Advertisment

തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ കേവലമായ വാഗ്‌ദാനങ്ങളല്ല നടപ്പാക്കാനുള്ളവയാണെന്നും അഞ്ച് വർഷം കൊണ്ട് എൽഡിഎഫിന് ജനങ്ങളെ ബോധ്യപ്പെടുത്താനായി. ഓരോ വർഷവും പ്രകടനപത്രികയിൽ പറഞ്ഞ എത്ര കാര്യങ്ങൾ നടപ്പാക്കാനായി എന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്ത് വിട്ടു. നാല് വർഷം ഇത് തുടർന്നു. ഇത്തവണ അഞ്ചാം വർഷമാണ്. 600 കാര്യങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞതിൽ 570 എണ്ണം പൂർത്തിയാക്കാനായി. പ്രകൃതി ദുരന്തങ്ങൾക്കും ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരിക്കുമിടയിലാണ് ഇതെല്ലാം സാധ്യമായതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

കേരളത്തിൽ ഇത്തവണയും കോ-ലീ-ബി സഖ്യം ഉണ്ടാകാമെന്നും എല്‍ഡിഎഫിന് ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. കോ- ലീ- ബി സഖ്യത്തിന്റെ ഇടപെടലിലൂടെയാണ് ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത്. ഒ.രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചു. പിന്നീട് ആ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കാണാതായി. ഇക്കാര്യം രാജഗോപാല്‍ തന്നെ സമ്മതിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

Pinarayi Vijayan E Sreedharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: