scorecardresearch
Latest News

ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

kr gouri amma, kr gouri amma passes away, kr gouri amma communist leader, kr gouri amma cpm, pinarayi viijayan, പിണറായി വിജയൻ, kr gouri amma kerala,ഗൗരി 'അമ്മ, ie malayalam
കെആർ ഗൗരിയമ്മയുടെ ഭൗതികശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരമർപ്പിക്കുന്നു

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെആർ ഗൗരിയമ്മയ്ക്ക് ആലപ്പുഴ വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം. തിരുവനന്തപുരത്ത് ആശുപത്രിയിൽ അന്തരിച്ച ഗൗരിയമ്മയുടെ മൃതദേഹം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വച്ചിരുന്നു. തുടർന്ന് ആലപ്പുഴ അരൂരിലെ ചാത്തനാട് കളത്തിപ്പറമ്പിൽ വീട്ടിലും എസ്‌ഡിവി സ്കൂൾ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വച്ചശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

തിരുവന്തപുരം അയ്യങ്കാളി ഹാളില്‍ പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, സംസ്ഥാന ആക്ടിങ് സെക്രട്ടി എ വിജയരാഘവൻ എന്നിവർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ചേർന്ന് ഗൗരിയമ്മയെ പാർട്ടി പതാക പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി ഒട്ടേറെ പേർ ആദരാഞ്ജലി അര്‍പ്പിച്ചു.

കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അയ്യങ്കാളി ഹാളില്‍ പൊതു ദർശനം അനുവദിച്ചത്. പൊലീസ് പാസുള്ളവരെ മാത്രമാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുവദിച്ചത്. ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്.

ഉച്ചയ്ക്കു രണ്ടരയോടെയാണു മൃതദേഹം തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലെത്തിച്ചത്. അരൂരിലെ വീട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വിവിധ കക്ഷി നേതാക്കൾ ഉൾപ്പെടെ വളരെ കുറച്ചുപേരെ മാത്രമേ അനുവദിച്ചുള്ളൂ. മൂന്നു മണിയോടെ എസ്‌ഡിവി സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. പൊലീസിന്റെ പാസ് ഉള്ളവരെ മാത്രമാണ് ഇവിടെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിച്ചത്.

ഭർത്താവ് ടി.വി.തോമസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലെ മണ്ണിൽ വൈകിട്ട് അഞ്ചോടെയായിരുന്നു സംസ്കാരം. തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും പൊതുദർശന, സംസ്കാര ചടങ്ങുകൾക്കായി കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിസർക്കാർ ഉത്തരവ് പുറപ്പെടവിച്ചിരുന്നു.

ആധുനിക കേരളത്തിന്‍റെ ചരിത്രം: മുഖ്യന്ത്രി

സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ.ആര്‍. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്‍റെ ചരിത്രം ഗൗരിയമ്മയുടെ ജീവചരിത്രം കൂടിയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞുവെന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്.

Read Also: കാലം സാക്ഷി, കരയാത്ത ഗൗരി, ചരിത്രം സാക്ഷി, തളരാത്ത ഗൗരി

ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വര്‍ത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന വിലപ്പെട്ട കണ്ണിയാണ് ഗൗരിയമ്മയിലൂടെ നഷ്ടമാകുന്നത്. ചെറുത്തുനില്‍പ്പിന്‍റെ കരുത്തുറ്റ ധീരബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകള്‍ പോലും മലയാളത്തില്‍ അവരെക്കുറിച്ചുണ്ടായെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഗൗരിയമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചതെന്നും കേരളവും അങ്ങനെതന്നെയാവുമെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ.ആർ ഗൗരിയമ്മ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളധീരൻ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ ധീരയായ നേതാവാ കെ.ആർ ഗൗരിയമ്മ നിര്യാണത്തോടെ ആധുനിക കേരളചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് അവസാനിക്കുന്നത്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്ന് നേരിട്ട കടുത്ത അനീതിയിലും പതറാതെ നിന്ന ഗൗരിയമ്മ പെൺകരുത്തിൻ്റെ പ്രതീകമാണെന്നും മുരളീധരൻ പറഞ്ഞു.

Also Read: മലയാളി കാണാത്ത ഗൗരിയമ്മയും അറിയാത്ത ചരിത്രവും

കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു കനത്ത നഷ്‌ടമാണെന്നു സിപി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അനുസ്മരിച്ചു. കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാര്‍ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാര്‍ക്കൊപ്പം സ്ഥാനമുള്ളയാളാണ് ഗൗരിയമ്മ. ജീവിതാന്ത്യം വരെ പുരോഗമന മൂല്യങ്ങളാണ്‌ ഗൗരിയമ്മ ഉയര്‍ത്തിപ്പിടിച്ചതെന്നും സെക്രട്ടേറിയറ്റ്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

kr gouri amma, kr gouri amma passes away, kr gouri amma communist leader, kr gouri amma cpm, pinarayi viijayan, പിണറായി വിജയൻ, kr gouri amma kerala,ഗൗരി 'അമ്മ, ie malayalam
കെ ആർ ഗൗരിയമ്മയുടെ ഭൗതികശരീരത്തിൽ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിൽ സിപിഎം പതാക പുതപ്പിക്കുന്നു

ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളിൽ ഒരാളെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘൻ അനുസ്മരിച്ചു. കേരളത്തിന്റെ രാഷ്‌ടീയ, സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തിൽ വിപ്ലവാത്മകമായ ചിന്തകൾക്കും ഇടപെടലുകൾക്കും തുടക്കമിട്ട നേതാക്കളിലൊരാളായ ഗൗരിയമ്മ ചരിത്ര മുന്നേറ്റങ്ങൾക്ക് കാരണമായ നിയമ നിർമാണങ്ങൾക്ക് ചാലക ശക്തിയായ നേതാവാണ്. ജീവിതകാലം മുഴുവൻ നാടിനും ജനങ്ങൾക്കുമായി ആവിശ്രമം പ്രവർത്തിച്ച ഗൗരിയമ്മ ആധുനിക കേരളത്തിന്റെ അഗ്നിനക്ഷത്രമാണെന്നും വിജയരാഘൻ പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ ജ്വലിക്കുന്ന താരത്തെയാണു നഷ്ടപ്പെട്ടതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നമ്മുടെ സാമൂഹിക ജീവിതത്തെ സ്വാധീനിച്ച നിരവധി നേതാക്കൾ നമ്മുടെ ജീവിതകാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയേറെ സമൂഹത്തെ മാറ്റിമറിച്ച, അടിത്തറ പാകിയ നേതാക്കൾ ചുരുക്കമാണ്. കേരളത്തിലെ കാർഷിക പരിഷ്കരണമുൾപ്പടെ നിരവധി പുരോ​ഗമനപരമായ നിയമനിർമ്മാണങ്ങൾ ഉണ്ടാക്കുന്നതിൽ‌ ​ഗൗരിയമ്മയുടെ കയ്യൊപ്പുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് ഗൗരിയമ്മയെന്ന് മന്ത്രി കെകെ ശൈലജ അനുസ്മരിച്ചു.ഗൗരിയമ്മ പകരംവയ്ക്കാനാവാത്ത വിധത്തിലുള്ള നേതൃപദവി കരസ്ഥമാക്കിയ നേതാവാണ്. കേരളമുള്ള കാലത്തോളം ഗൗരിയമ്മ ജനമനസുകളില്‍ ജീവിക്കും. പുതുതലമുറയിലെ നേരിന്റെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഈ ജീവിതം മാതൃകയാക്കുമെന്നും ശൈലജ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തിലെ ഇതിഹാസ തുല്യജീവിതമാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ ഇല്ലാതായതെന്നു രമേശ് ചെന്നിത്തല പറഞ്ഞു.അവസാനശ്വാസം വരെ സ്വന്തം നിലപാടിനോട് നീതിപുലർത്തിയാണ് ഗൗരിയമ്മ ജീവിച്ചത്. ഗൗരിയമ്മയുടെ ഭരണപാടവം ഭരണകർത്താക്കൾക്ക് പാഠപുസ്തകമാണ്. അവർ ചരിത്രത്തിന്റെ ഭാഗമാകുകയല്ല മറിച്ചു ജീവിതംകൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്തത്. ഇത്രയേറെ ഭരണനൈപുണ്യമുള്ള നേതാവ് മുഖ്യമന്ത്രി ആകാതിരുന്നതാണ്‌ കേരളത്തിന്റെ എക്കാലത്തെയും വലിയ നഷ്ടം. മലയാളികളുടെ ജീവിതം മാറ്റിമറിച്ച വിപ്ലവനക്ഷത്രം കേരളത്തിന്റെ ആകാശത്തിൽ തിളങ്ങികൊണ്ടേയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിന്‍റെ വിപ്ലവ നായികയെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു. രാഷ്ട്രീയ നേതാവ്,പാര്‍ലമെന്റേറിയന്‍,ഭരണാധികാരി എന്നീനിലകളില്‍  കേരള രാഷ്ട്രീയത്തില്‍ ചരിത്രം സൃഷ്ടിച്ച ധീരനായികയെന്ന വിശേഷണമാണ് ഗൗരിയമ്മയ്ക്ക് ചേരുന്നത്. ഏത് രാഷ്ട്രീയ ആശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും ജനപക്ഷരാഷ്ട്രീയം ആയിരുന്ന ഗൗരിയമ്മയുടെ ശെെലി. ഗൗരിയമ്മയുടെ വേര്‍പാട് കേരളരാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്നും ഹസന്‍ പറഞ്ഞു.

Also Read: ചടങ്ങ് കഴിഞ്ഞു കാറിൽ കയറുമ്പോൾ ഗൗരിയമ്മ എന്റെ ചെവിയിൽ മന്ത്രിച്ചു; ഓര്‍മ്മയുടെ റീല്‍ തിരിച്ച് താരങ്ങള്‍

കെആര്‍ ഗൗരിയമ്മയുടെ വിയോഗം കേരള സമൂഹത്തിന് തീരാനഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്ത്രീശാക്തീകരണത്തിനും സമൂഹിക പരിഷ്ക്കരണങ്ങള്‍ക്കും ഗൗരിയമ്മ നല്‍കിയ സംഭാവന വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ കനല്‍  വഴികള്‍ താണ്ടി ജനമസ് കീഴടക്കിയ നേതാവാണ് ഗൗരിയമ്മയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസ്മരിച്ചു. കേരളത്തിലെ ഏറ്റവും കഴിവുറ്റ വനിതാ നേതാക്കളില്‍ പ്രഗത്ഭ.ഗൗരിയമ്മയുടെ പോരാട്ടവീര്യം ശ്രദ്ധേയമാണ്. കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ച് നിന്ന പ്രഗത്ഭ വ്യക്തിത്വത്തിനാണ്  തിരശീല വീണത്.ഗൗരിയമ്മയുടെ വിയോഗം കേരള രാഷ്ട്രീയത്തിനു നികത്താന്‍ കഴിയാത്ത വിടവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan condole on kr gouri ammas demise