തിരുവനന്തപുരം: മാഹിയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു കൊലപാതകങ്ങളിൽ ഒന്ന് നടന്നത് കേരളത്തിന്റെ പ്രദേശത്തല്ല. എങ്കിലും സംസ്ഥാന പൊലീസ് പുതുച്ചേരി പൊലീസിന് ആവശ്യമായ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
‘കൊലപാതകങ്ങളെ അപലപിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിർദേശം നല്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ മാഹി പൊലീസിന് സഹായം നൽകാനും കേരള പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയുണ്ടോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രി പരാജയമായതുകൊണ്ടാണ് ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം ചൂണ്ടിക്കാണിച്ചപ്പോൾ “കൊലപാതകങ്ങൾ നമുക്ക് അഭിമാനം തരുന്നില്ലല്ലോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.