തിരുവനന്തപുരം: ശബരിമല ദർശനത്തിന് വന്ന കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് എസ്‌പി യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസുകാർക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയും ഭാര്യവീട്ടിലേക്കടക്കം മാർച്ച് നടത്തിയും മനോവീര്യം തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ വന്നപ്പോൾ യതീഷ് ചന്ദ്ര ഡ്യൂട്ടി നിർവഹിക്കുക മാത്രമാണ് ചെയ്തത്. കേന്ദ്രമന്ത്രിയുടെ ഒപ്പം വന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടണമെന്ന് പറഞ്ഞപ്പോഴാണ് പൊലീസ് തടഞ്ഞത്.”

“കേന്ദ്രമന്ത്രി പൊലീസുകാരെ ഇക്കാര്യത്തിൽ ചോദ്യം ചെയ്തപ്പോഴാണ് അവർക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന നിലയിൽ നൽകേണ്ട ആദരവോടെ തന്നെയാണ് എസ്‌പി അദ്ദേഹത്തോട് സംസാരിച്ചത്.  അതിൽ പ്രത്യേകിച്ച് അപാകതയൊന്നുമില്ല,” മുഖ്യമന്ത്രി പറഞ്ഞു.

“കൃത്യമായി ജോലി ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന നടപടി സംഘപരിവാർ ഇപ്പോൾ ചെയ്തു വരുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് നേരത്തേ ചില പൊലീസുദ്യോഗസ്ഥരുടെ ജാതിയും മതവും പറഞ്ഞ് പ്രചാരണം നടത്തുന്ന രീതി കണ്ടത്. പൊലീസുദ്യോഗസ്ഥരുടെ ഭാര്യവീടുകൾക്ക് മുന്നിൽ സംഘപരിവാർ പ്രതിഷേധം നടത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള പൊലീസുകാരുടെ അവിടുത്തെ വീടുകളിലേക്ക് വരെ മാർച്ച് നടത്തുന്ന നിലയുണ്ടായി. അവരുടെ വീടുകൾ ആക്രമിക്കുമെന്ന ഭീഷണിയുണ്ടായി. ഇതെല്ലാം അവരെ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കാൻ ലക്ഷ്യമിട്ടുളളതാണ്,” മുഖ്യമന്ത്രി പറഞ്ഞു.

”ഇതിന്‍റെയെല്ലാം ഉദ്ദേശ്യം ഒന്നാണ്. ഭയപ്പെടുത്താൻ പറ്റുമോ എന്ന് നോക്കുകയാണ്. എങ്കിലും പൊലീസ് പതറാതെ ഡ്യൂട്ടി നിർവഹിക്കുകയാണ്. ഇത് സ്തുത്യർഹമാണ്.” മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ സർക്കാരിന് അനുകൂലമാണ്. നിയന്ത്രണങ്ങൾ യഥാർഥ ഭക്തരെ ബാധിക്കരുതെന്ന നിർദേശം മാത്രമാണ് കോടതി നൽകിയത്. സന്നിധാനത്ത് ശരണം വിളി തടഞ്ഞെന്ന പ്രചാരണം ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ അത്തരത്തിലുളള യാതൊരു സംഭവങ്ങളും ഉണ്ടായിട്ടില്ല.

“വാദങ്ങൾക്കിടെ കോടതി ചോദിച്ച ചില ചോദ്യങ്ങളാണ് സർക്കാരിനെതിരായ വിമർശനമായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ശരണം വിളികൾ തടയില്ലെന്ന എജിയുടെ റിപ്പോർട്ടിനെ വിശ്വാസത്തിലെടുക്കുകയാണ് കോടതി ചെയ്തത്. അക്രമികളെ തടയുന്നതിന് പൂർണ്ണ അധികാരം നൽകുന്നതാണ് ഇത്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.