കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
‘രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണ്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ മുഖ്യമന്ത്രി വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് മോട്ടോര്‍ ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി കര്‍ണാടക പൊലീസിന്റെ സഹായം തേടിയതായി ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു. ക്രൈം ബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.
കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നാണ് എഫ്.ഐ.ആറും. സി.പി.എം – കോണ്‍ഗ്രസ് പ്രാദേശിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. തലച്ചോറ് പിളര്‍ന്ന് തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്റെ മരണ കാരണമെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളുണ്ട്. പ്രാദേശിക സി.പി.എം നേതൃത്വത്തില്‍ നിന്ന് കൃപേഷിന് നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി ബന്ധു പറഞ്ഞു.