തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിൽ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യമായി ഭക്ഷ്യാധാന്യ വിതരണം നടത്താനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് പരിശോധിച്ച് റേഷൻ കടകൾ വഴി തന്നെ ഭക്ഷ്യധാന്യ വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നിലവിലെ പ്രത്യേക സാഹചര്യം മുതലാക്കി വിലക്കൂട്ടി അവശ്യ സാധനങ്ങൾ വിൽക്കുന്നത് അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ ചില സ്ഥലങ്ങളിൽ ചില സാധനങ്ങൾക്ക് വില കൂട്ടിയതായി പരാതി ഉയർന്നിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: കോവിഡ്-19: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുമായി സംസാരിച്ചുവെന്നും മൂന്ന് നാല് മാസത്തേക്ക് വേണ്ട സാധനങ്ങൾ സംഭരിക്കാനും ന്യായമായ വിലയ്ക്ക് സാധനം വിൽക്കാനുമാണ് ശ്രമമെന്നും മുഖ്യമന്ത്രി.
ഹോൾസെയിൽകാരുടെ സാധനങ്ങൾ റീട്ടെയിൽ കടകളിൽ എത്തുന്നതിന് പ്രയാസമുണ്ടാകില്ല. ബേക്കറികൾ ഉൾപ്പെടെയുള്ളവ തുറക്കണം. വ്യാപാരി സമൂഹം നല്ല മുന്നൊരുക്കത്തോടെ കാര്യങ്ങൾ നീക്കുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഭക്ഷണസാധനങ്ങൾ കൊണ്ടുവരാൻ ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാൻ ഒരു ഉന്നത സംഘം പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി. സാധനങ്ങൾ ശേഖരിക്കാൻ കോൺവോയി അടിസ്ഥാനത്തിൽ വാഹനങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് പോകാനാണ് തീരുമാനം.
Also Read: കേരളത്തിൽ 19 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 126 പേർ
കേരളത്തിൽ ഇന്ന് 19 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ രോഗം സ്ഥിരീകരിച്ചരുടെ എണ്ണം 138 ആയി. ഇതിൽ 126 പേരാണ് നിലവിൽ ചികിത്സയിലുള്ളത്, 12 പേർ നേരത്തെ രോഗം ഭേദമായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ കണ്ണൂർ ജില്ലയിലാണ്. കാസർഗോഡ് മലപ്പുറം ജില്ലകളിൽ മൂന്ന് വീതവും തൃശൂരിൽ രണ്ടു പേർക്കും ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കുമാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണയുടെ ഏത് ഘട്ടത്തെയും നേരിടുന്നതിനുള്ള സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തന്നെ മുന്നോട്ട് പോകുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 879 സ്വകാര്യ ആശുപത്രികളിൽ 69434 കിടക്കകളുണ്ട് 5607 ഐസിയു സൗകര്യവുമുണ്ട്. 716 ഹോസ്റ്റലുകളിൽ 15333 മുറികളുണ്ട്. ഇതിൽ ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടത് നടത്തിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി.