ചെങ്ങന്നൂര്‍: അടിയന്തരമായ ഇടപെടലുകളുണ്ടായില്ലെങ്കില്‍ ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്ന് സ്ഥലം എംഎല്‍എ സജി ചെറിയാന്‍ പറഞ്ഞത് വേവലാതി കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ അടക്കം പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നടപടികൾ ഊർജിതമായി നടക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഹെലികോപ്റ്ററും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്രത്തിന്‍റെയും ഫലപ്രദമായ ഇടപെടൽ കൊണ്ടുമാത്രമാണ് ദുരന്തത്തിന്‍റെ വ്യാപ്തി കുറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുരുതരമായ അവസ്ഥയാണ് ചെങ്ങന്നൂരിലേത്. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ വേവലാതി കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിനായിരങ്ങളാണ് ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതെന്നും ഇവര്‍ മരണമുഖത്താണെന്നും സജി ചെറിയാന്‍ വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. ‘ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ദിവസങ്ങളായി നിരവധി പേര്‍ കുടുങ്ങിയിരിക്കുകയാണ്. അടിയന്തരമായി നേവിയുടെ സഹായം വേണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സൈന്യം രംഗത്തിറങ്ങണം. സഹായം യാചിച്ചിട്ടും ഹെലികോപ്റ്ററുകള്‍ എത്തുന്നില്ല – സജി ചെറിയാന്‍ പറഞ്ഞു.

“ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ… ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്… എൻറെ നാട്ടുകാര് മരിച്ചുപോകും. എൻറെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്… എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങൾക്കൊന്നും ചെയ്യാനാകുന്നില്ല. എൻറെ വണ്ടിയടക്കം നിലയില്ലാവെള്ളത്തിൽ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്…പ്ലീസ്… പ്ലീസ്… പ്ലീസ്….” – സജി ചെറിയാന്‍ മാധ്യമങ്ങള്‍ വഴി ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ