scorecardresearch
Latest News

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി; പുതിയ സംരംഭകര്‍ക്ക് 50 ലക്ഷം വരെ വായ്പ

മൂലധനത്തിന്റെ അഭാവവും വായ്പ ലഭ്യതയുമാണ് സ്റ്റാർട്ടപ്പുകളും ചെറുകിട സംരഭകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്നും അത് പരിഹരിക്കാൻ പുതിയ പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപനൽകിയതായും മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി; പുതിയ സംരംഭകര്‍ക്ക് 50 ലക്ഷം വരെ വായ്പ

കോവിഡ് മഹാമാരി സംസ്ഥാനത്തെ സമ്പദ് വ്യവസ്തയിൽ കാര്യമായ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ചെറുകിട സംരംഭകരിലും സ്റ്റാർട്ടപ്പുകളിലും വലിയ പ്രതിസന്ധി രൂപപ്പെടുത്തി. വ്യാപാര മേഖലയിലെ അടച്ചുപൂട്ടൽ വിതരണ മേഖലയിലെ തടസങ്ങൾ എന്നിവ കാരണം തദ്ദേശ ഉൽപ്പാദനം വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതൊടൊപ്പം ജോലി നഷ്ടമായവർക്കും വിദേശത്ത് നിന്ന് തിരിച്ചു വരുന്നവർക്കും വേണ്ടി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുമുണ്ട്. മൂലധനത്തിന്റെ അഭാവവും വായ്പ ലഭ്യതയുമാണ് സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്നും അത് പരിഹരിക്കാൻ പുതിയ പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപനൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’ എന്ന പേരിൽ സംരംഭകർക്ക് പരിശീലനവും വായ്പയും നൽകും.

Also Read: വീണ്ടും ആയിരം കടന്ന് പ്രതിദിന കണക്ക്; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്, നാല് മരണം

പ്രതിവർഷം 2000 സംരംഭകരെ കണ്ടെത്തി 1000 പുതിയ സംരംഭം എന്ന നിലയ്ക്ക് അടുത്ത അഞ്ച് വർഷത്തിൽ 5000 ചെറുകിട-ഇടത്തരം സംരഭങ്ങളുണ്ടാക്കുക എന്നതാണ് ഈ പദ്ധതിക്കൊണ്ട് ഉദ്ദേശിക്കുന്നത്. കേരള ഫിനാഷ്യൽ കോർപ്പറേഷൻ വഴി തിരഞ്ഞെടുക്കപ്പെടപുന്നവർക്ക് അഞ്ച് ദിവസത്തെ സംരംഭകത്വ പരിശീലനം നൽകും. പ്രൊജക്ട് കോസ്റ്റിന്റെ 90 ശതമാനം വരെ പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നൽകുക. പത്ത് ശതമാനം പലിശയാണ് കെഎഫ്സി വാങ്ങുന്നത്. ഇതിൽ മൂന്ന് ശതമാനം സർക്കാർ വഹിക്കും ഫലത്തിൽ സംരംഭകന് ഏഴ് ശതമാനമായിരിക്കും പലിശ.

നിലവിലുള്ള സ്റ്റാർട്ടപ്പുകളെ അടച്ചുപൂട്ടലിൽ നിന്ന് രക്ഷപ്പെടുത്താൻ കെഎഫ്സി വഴി മൂന്ന് പുതിയ പദ്ധതികൾക്കും സർക്കാർ രൂപം നൽകി.

1. പ്രവര്‍ത്തന മൂലധന വായ്പ: സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുള്ള പര്‍ച്ചേയ്സ് ഓര്‍ഡര്‍ അനുസരിച്ച് 10 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും.

2. സീഡ് വായ്പ: സാമൂഹിക പ്രസക്തിയുള്ള ഉല്‍പന്നമോ, സേവനമോ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കും.

3. ഐടി രംഗത്തിനുള്ള മൂലധനം: സെബി അക്രെഡിറ്റേഷനുളള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിന്‍റെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികള്‍ക്ക് 10 കോടി രൂപ വരെ ലഭിക്കും.

ഈ മൂന്ന് പദ്ധതികള്‍ക്കും 2 ശതമാനം സര്‍ക്കാര്‍ സബ്സിഡി ലഭ്യമാക്കും. അതിലും ഫലത്തില്‍ 7 ശതമാനം ആയിരിക്കും പലിശ.

Also Read: തിരുവനന്തപുരത്ത് കോവിഡ് വ്യാപനം സംസ്ഥാന നിരക്കിനേക്കാള്‍ കൂടുതല്‍

ലൈഫില്‍ അപേക്ഷിക്കാന്‍ അവസരം

ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും അപേക്ഷിക്കാന്‍ അവസരം ഒന്നു കൂടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അവര്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും.

ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിനായി മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സജ്ജീകരിക്കുന്ന ഹെല്‍പ്പ്ഡെസ്ക്കുകള്‍ വഴിയോ സ്വന്തമായോ അപേക്ഷ സമര്‍പ്പിക്കാം.

ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടാണ് പരിഗണിക്കുക. 2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉള്ളതും കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

Also Read: തലസ്ഥാനത്ത് സങ്കീര്‍ണം; സംസ്ഥാനത്ത് ആശങ്കയായി ചന്തകളും

അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയാകണം. പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് നിബന്ധനകളില്‍ ഇളവുകള്‍ ഉണ്ട്. അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി കരട് പട്ടിക പ്രസിദ്ധീകരിക്കും. ഗ്രാമപഞ്ചായത്തുതലത്തിലുള്ള പരാതികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികള്‍ അതത് നഗരസഭാ സെക്രട്ടറിമാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കും.

സെപ്തംബര്‍ ഇരുപത്തിയാറിനകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി ഇരുപതിനായിരത്തില്‍പ്പരം വീടുകള്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഭവനമൊരുങ്ങുന്നത്. അതു കൂടാതെയാണ് വിട്ടുപോയ അര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan announces new entrepreneur scheme for startups