scorecardresearch

77,350 തൊഴിലവസരങ്ങളുമായി നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണു നടപ്പാക്കുക

Pinarayi Vijayan, Lokayuktha, Kerala News
ഫയല്‍ ചിത്രം

തിരുവനന്തപുരം: പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായി നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇന്നു മുതല്‍ സെപ്തംബര്‍ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന കമര്‍മപരിപാടിയാണു പ്രഖ്യാപിച്ചത്്. പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണു നടപ്പാക്കുക.

കോവിഡ് നിയന്ത്രണങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് 20,000 ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റികള്‍ (എഡിഎസ്) വഴി 200 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യും. 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ ആയിരത്തില്‍ അഞ്ചു പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയാറാക്കും. വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങള്‍ നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കും.

വ്യവസായ വകുപ്പ്-10,000, സഹകരണം- 10,000, കുടുംബശ്രീ-2,000, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍-2,000, വനിതാവികസന കോര്‍പറേഷന്‍- 2,500, പിന്നോക്കവികസന കോര്‍പറേഷന്‍- 2,500, പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍–2,500, ഐടി. മേഖല- 1000, തദ്ദേശഭരണ വകുപ്പ്- 7,000, (യുവ വനിതാ സംരംഭകത്വ പരിപാടി-5000, സൂക്ഷ്മ സംരംഭങ്ങള്‍ 2000), ആരോഗ്യവകുപ്പ്-4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ്- 350 (പരോക്ഷമായി), ഗതാഗത വകുപ്പ്- 7500, റവന്യൂ വകുപ്പില്‍ വില്ലേജുകളുടെ റീസര്‍വേയുടെ ഭാഗമായി 26,000 സര്‍വേയര്‍, ചെയിന്‍മാന്‍ എന്നിവരുടെ തൊഴിലവസരങ്ങള്‍ എന്നിവയാണവ. കര്‍മപരിപാടിയുടെ നടപ്പാക്കല്‍ പുരോഗതി നൂറു ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേകം അറിയിക്കും.

വന്‍ പ്രകൃതി ദുരന്തങ്ങളെ നേരിട്ട നമ്മുടെ സംസ്ഥാനത്ത് ദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സമയബന്ധിതമായി സൃഷ്ടിക്കാനായി രൂപപ്പെടുത്തിയ പദ്ധതിയായ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്(ആര്‍ കെ ഐ) ലോകബാങ്ക്, ജര്‍മന്‍ ബാങ്കായ കെ എഫ് ഡബ്ല്യൂ, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (എ ഐ ഐ ബി) എന്നിവയില്‍നിന്ന് 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതം കൂടി ചേരുമ്പോള്‍ ആര്‍ കെ ഐ പദ്ധതികള്‍ക്കായി 8,425 കോടി രൂപ ലഭ്യമാകും. അതില്‍ വരുന്ന നൂറു ദിനങ്ങളില്‍ 945.35 കോടി രൂപയുടെ ഒന്‍പ് റോഡ് പ്രവൃത്തികള്‍ ആരംഭിക്കും.

ഈ നൂറുദിനങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് 1519.57 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും. 200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതികള്‍ നൂറ് ദിവസത്തിനകം ഉദ്ഘാനം ചെയ്യും. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തിനായി വിത്തുകള്‍ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചിട്ടുണ്ട്. സുഭിക്ഷം, സുരക്ഷിതം കേരളം എന്ന ലക്ഷ്യത്തോടെ 25,000 ഹെക്ടറില്‍ ജൈവകൃഷി ആരംഭിക്കും. 100 അര്‍ബന്‍ സ്ട്രീറ്റ് മാക്കറ്റ് ആരംഭിക്കും. 25 ലക്ഷം പഴവര്‍ഗ വിത്തുകള്‍ വിതരണം ചെയ്യും. 150 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് സംഘങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കും. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 250 പഞ്ചായത്തുകളില്‍ മത്സ്യകൃഷി ആരംഭിക്കും. വ്യവസായ സംരംഭകര്‍ക്ക് ഭൂമി ലീസില്‍ അനുവദിക്കാന്‍ സംസ്ഥാന തലത്തില്‍ ഏകീകൃത നയം പ്രഖ്യാപിക്കും.

കുട്ടനാട് ബ്രാന്‍ഡ് അരി മില്ലിന്റെ പ്രവര്‍ത്തനം തുടങ്ങും. കാസര്‍ഗോഡ് ഇ എം എല്‍ ഏറ്റെടുക്കും. ഉയര്‍ന്ന ഉല്‍പ്പാദന ശേഷിയുള്ള 10 ലക്ഷം കശുമാവിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കും.കാഷ്യൂ ബോര്‍ഡ് 8000 മെട്രിക് ടണ്‍ കശുവണ്ടി ലഭ്യമാക്കി 100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കും. 12000 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഭൂനികുതി ഒടുക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങും. തണ്ടപ്പേര്‍, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ അയക്കാന്‍ ഓണ്‍ലൈന്‍ മോഡ്യൂള്‍ പ്രാവര്‍ത്തികമാക്കും.

Read Also: വ്യാപനനിരക്ക് കൂടുതലുള്ള ഡെല്‍റ്റാ വൈറസുകളാണ് കേരളത്തില്‍: മുഖ്യമന്ത്രി

ലൈഫ് മിഷന്‍ 10,000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കും. വിദ്യാശ്രീ പദ്ധതിയില്‍ 50,000 ലാപ്‌ടോപ്പുകളുടെ വിതരണം ആരംഭിക്കും. നിലാവ് പദ്ധതി 200 ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (അമൃത് പദ്ധതിപ്രകാരം) തുടങ്ങും.

യാത്രികര്‍ക്കായി 100 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ തുറക്കും. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹയര്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് വിതരണം തുടങ്ങും. കണ്ണൂര്‍ കെ.എം.എം. ഗവ. വിമന്‍സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പില്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ചു കോടി രൂപയുടെ 20 സ്‌കൂളുകളും മൂന്നു കോടി രൂപയുടെ 30 സ്‌കൂളുകളും പ്ലാന്‍ ഫണ്ട് മുഖേന നിര്‍മ്മാണം പൂര്‍ത്തിയായ 40 സ്‌കൂളുകളുമടക്കം 90 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. 43 ഹയര്‍ സെക്കന്‍ഡറി ലാബുകളും മൂന്നു ലൈബ്രറികളും തുറക്കും.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവന്‍സ് ഭക്ഷ്യ കിറ്റായി വിതരണം ചെയ്യും. സ്‌കൂളുകളില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി അദ്ധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വീടുകളില്‍ പുസ്തകം എത്തിക്കുന്നതിന്റെ ഭാഗമായി ‘വായനയുടെ വസന്തം’ പദ്ധതി ആരംഭിക്കും. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നതിനായി ഒരു വിദ്യാര്‍ഥിക്ക് 10,000 രൂപ നിരക്കില്‍ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി തുടങ്ങും.

കെ.എസ്.ഐ.ഡി.സി വഴി മടങ്ങിവന്ന പ്രവാസികള്‍ക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതിആരംഭിക്കും. ഒരു വ്യക്തിക്ക് 25 ലക്ഷം മുതല്‍ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും. കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ ക്ലിയറന്‍സിനായുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് തുടങ്ങും. ചെല്ലാനം കടല്‍ തീരത്തെ കടലാക്രമണം തടയാന്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തിക്ക് തുടക്കം കുറിക്കും. കടലാക്രമണ സാധ്യതയുള്ള മറ്റു പ്രദേശങ്ങളില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കാനുള്ള പഠനം, തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ഭൂരഹിത, ഭവനരഹിതര്‍ക്കായി 40 യൂണിറ്റുകളുളള ഭവന സമുച്ചയം കെയര്‍ഹോം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി കൈമാറും.

Read Also: കോവിഡ് വാക്‌സിന്‍: സംസ്ഥാനത്ത് 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കി

യുവ സംരംഭകര്‍ക്കായി 25 സഹകരണ സംഘങ്ങള്‍ ആരംഭിക്കും. ഇവ കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധന, ഐ.ടി. മേഖലയിലെ ചെറുകിട സംരംഭങ്ങള്‍, സേവന മേഖലയിലെ ഇവന്റ് മാനേജ്‌മെന്റ് പോലെയുള്ള സംരംഭങ്ങള്‍, ചെറുകിട മാര്‍ക്കറ്റിങ് ശൃംഖലകള്‍ എന്നീ മേഖലകളിലായിരിക്കും. വനിതാ സഹകരണ സംഘങ്ങള്‍ വഴി മിതമായ നിരക്കില്‍ മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങളുടെ 10 നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും. കുട്ടനാട്, അപ്പര്‍ കുട്ടനാട് ആസ്ഥാനമാക്കി ഒരു സംഭരണ, സംസ്‌കരണ വിപണന സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് രണ്ട് ആധുനിക റൈസ് മില്ലുകള്‍ ആരംഭിക്കും.

308 പുനര്‍ഗേഹം വ്യക്തിഗത വീടുകള്‍ (30.80 കോടി രൂപ ചെലവ് ) കൈമാറും. 303 പുനര്‍ഗേഹം ഫ്‌ളാറ്റുകള്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളില്‍ (30.30 കോടി രൂപ ചെലവ്) ഉദ്ഘാടനം ചെയ്യും. പട്ടിക ജാതി വികസന വകുപ്പ് പൂര്‍ത്തിയാകാതെ കിടക്കുന്ന 1000 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനത്തിനായി പഠനമുറി നിര്‍മാണം, വൈദ്യുതീകരണം, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ 1000 എണ്ണം പൂര്‍ത്തീകരിക്കും.

തീരദേശ ഷിപ്പിങ് സര്‍വീസ് ബേപ്പൂരില്‍നിന്നും കൊല്ലത്തുനിന്നും കൊച്ചിവരെ ആരംഭിക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ്്, കോന്നിയില്‍ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി എന്നിവ ആരംഭിക്കും. ഏഴ് ജില്ലകളിലെ (തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, കോഴിക്കോട്, പാലക്കാട്, കാസര്‍ഗോഡ്) എച്ച്.ഐ.വി/എയ്ഡ്‌സ് ബാധിതര്‍ക്കായി കെയര്‍ സപ്പോര്‍ട്ട് സെന്റര്‍ ആരംഭിക്കും.ശിശുമരണനിരക്ക് കുറക്കാന്‍ ലക്ഷ്യമിടുന്ന ‘പ്രഥമ സഹസ്രദിനങ്ങള്‍’ എന്ന പരിപാടി മലയോര തീരദേശ മേഖലകളിലെ 28 ഐ.സി.ഡി.എസ് പ്രോജക്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കും.

പി.എസ്.സി.ക്ക് നിയമനങ്ങള്‍ വിട്ടുനല്‍കാനായി തീരുമാനമെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റൂള്‍ രൂപീകരിക്കും. ജി.എസ്.ടി വകുപ്പില്‍ അധികമായി വന്നിട്ടുള്ള ഇരുന്നൂറോാളം തസ്തികകള്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ സൃഷ്ടിച്ച് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യും.ഗെയില്‍ പൈപ്പ് ലൈന്‍ (കൊച്ചി-പാലക്കാട്) ഉദ്ഘാടനം, കൊച്ചിയില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തുങ്ങല്‍ എന്നിവയും നൂറുദിവസത്തിനുള്ളില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു. പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മ്മാണത്തിനുള്ള ഗ്രീന്‍ റിബേറ്റ് ആഗസ്ത്തില്‍ പ്രാബല്യത്തില്‍ വരത്തക്ക രീതിയില്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കും.

ഒക്ടോബര്‍ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കും. അഞ്ച് വര്‍ഷത്തിനകം വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കാനാണ് പദ്ധതി. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് രാവിലെ ഇത് സംബന്ധിച്ച് ആശയ വിനിമയം നടത്തി.ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സ്‌പെഷ്യല്‍ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan announces 100 day program with 77350 jobs