തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്ര. ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലേക്കാണ് മുഖ്യമന്ത്രിയും സംഘവും പോകുന്നത്.

മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോര്‍ഡ് അംഗം ഡോ.വി.കെ.രാമചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടാകും. ഈ മാസം 24 മുതൽ അടുത്ത മാസം 4 വരെയാണ് സന്ദർശനം.

നവകേരള നിര്‍മാണത്തിനായി കഴിഞ്ഞ വർഷം മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന ഉപാധികളോടെയായിരുന്നു കേന്ദ്രസർക്കാർ പിന്നീട് അനുമതി നല്‍കിയത്. പ്രളയ ദുരിതാശ്വാസത്തിന് ധനസമാഹരണാർത്ഥം വിദേശത്തേക്ക് പോകാൻ തീരുമാനിച്ച മുഖ്യമന്ത്രിക്ക് മുന്നിൽ വിദേശ ഫണ്ട് സ്വീകരിക്കരുതെന്ന കർശന ഉപാധി കേന്ദ്രം വച്ചിരുന്നു.

Read Also: എല്ലാ വിഷയങ്ങളിലും ഒന്നാമതായിരുന്ന പെണ്‍കുട്ടി; ഫാത്തിമയുടെ ആത്മഹത്യയില്‍ ചോദ്യങ്ങള്‍ ബാക്കി

വിദേശ ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവെന്ന് പിന്നീട് മുഖ്യമന്ത്രി വിമർശനമുന്നയിച്ചിരുന്നു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ കേന്ദ്രം മടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അര്‍ഹമായ വിദേശസഹായമാണ് കേന്ദ്രം തടഞ്ഞതെന്നും, ഇതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ തകർന്ന കേരളത്തെ സഹായിക്കാൻ കഴിയുന്ന സഹായം കേന്ദ്രം നൽകിയില്ലെന്നും സഹായിക്കാനെത്തിയ വിദേശരാജ്യങ്ങളെ തടയുകയും ചെയ്തെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യുഎഇയുടെ സഹായം സ്വീകരിച്ചിരുന്നെങ്കിൽ മറ്റ് രാജ്യങ്ങളും കേരളത്തെ സഹായിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.