തിരുവനന്തപുരം: തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തി നിയമസഭയ്ക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പര്‍ലിമെന്റേറിയനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. “എനിക്ക് വ്യക്തിപരമായി ജേഷ്ഠസഹോദരനെയാണ് നഷ്ടമായത്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളി. എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്.അദ്ദേഹം ശരിക്കുമൊരു പോരാളിയാണ്,” വി.ഡി സതീശൻ അനുശോചിച്ചു.
വേദനിപ്പിക്കുന്ന വിയോഗമാണ് പിടി തോമസിന്റേതെന്ന് രാഹുല്‍ ഗാന്ധി എം പി പറഞ്ഞു. അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. വ്യക്തിപരമായും സംഘടനാപരമായും അത്യന്തം ദുഖമുണ്ടാക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ വേർപാട്. വിവിധ വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കാൻ പിടി തോമസിന് കഴിഞ്ഞിരുന്നുവെന്നും രാഹുല്‍ ഗാന്ധി ഓര്‍മിച്ചു. വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്.
Also Read: പി.ടി.തോമസ് എംഎൽഎ അന്തരിച്ചു
പൊതുപ്രവർത്തന രംഗത്തു സത്യസന്ധതയും ആത്മാർഥതയും ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു പി.ടി.തോമസ് എംഎൽഎയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഒരിക്കലെങ്കിലും പി.ടിയെ പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം ഇതൊരു വ്യക്തിപരമായ നഷ്ടം കൂടിയാണ്. വിശ്വസിക്കുന്ന ആദർശത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നയാളായിരുന്നു. പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പി.ടിയുടെ ആത്മാർഥതയിൽ തെല്ലും സംശയം തോന്നിയിട്ടില്ല. മാതൃകാ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പി.ടി തോമസിന്റെ അകാല വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നിയമസഭാ അംഗമെന്ന നിലയിലും പാർലമെൻറ് അംഗമെന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചയാളായിരുന്നു പി ടി തോമസ്. വിദ്യാർത്ഥി സംഘടന നേതാവായിരുന്ന കാലംമുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയെയാണ് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കോടിയേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പിടി തോമസുമായി ദീർഘകാലത്തെ അടുപ്പമുണ്ടായിരുന്നതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മണ്ഡലത്തിലെയും മറ്റു പൊതുവിഷയങ്ങളും പഠിച്ച് മികച്ച രീതിയിൽ സഭയ്ക്കകത്ത് ഇടപെടൽ നടത്താൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പി.രാജീവ് പറഞ്ഞു.
പി.ടി തോമസ് എംഎല്‍എയുടെ നിര്യാണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മൂന്നു ദിവസത്തേക്കു റദ്ദാക്കിയിട്ടുണ്ട്. മൂന്നു ദിവസം ദുഖാചരണം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി അറിയിച്ചു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എംഎൽഎയുടെ മൃതദേഹം ഇന്ന് (2021 ഡിസംബർ 22ന് ) വെല്ലൂർ ആശുപത്രിയിൽ നിന്ന് 3 മണിക്ക് റോഡ് മാർഗം കുമളി വഴി ഇടുക്കി ഉപ്പുതോട് കുടുംബവീട്ടിൽ എത്തിക്കുന്നു. തുടർന്ന് രാവിലെ 6.30 ന് എറണാകുളം പാലാരിവട്ടം – വയലാശ്ശേരി റോഡിലെ വസതിയിൽ എത്തിച്ച്, അവിടെ നിന്ന് തമ്മനം – വൈറ്റില വഴി 7.30ന് എറണാകുളം ഡിസിസി ഓഫീസിൽ, പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമായി ഒരു മണിക്കൂർ പൊതുദർശനം. 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയുള്ള എറണാകുളം ടൗൺഹാളിലെ പൊതുദർശനത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർക്ക് അന്ത്യമോപചാരമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കും. 1.30 മുതൽ 4.30 വരെ അദ്ദേഹം ജനപ്രതിനിധിയായിട്ടുള്ള തൃക്കാക്കര കമ്യുണിറ്റി ഹാളിൽ പൊതുദർശനവും തുടർന്ന് 5.30ന് എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കാരവും നടത്തുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
തന്റെ രാഷ്ട്രീയ ബോധ്യങ്ങളിലും നിലപാടുകളിലും കടുകമണി പോലും വീട്ടുവീഴ്ച ചെയ്യാത്തയാളായിരുന്നു പിടി തോമസ് എന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാരിസ്ഥിതക വിഷയങ്ങളിലായാലും രാഷ്ട്രീയ വിഷയങ്ങളിലായാലും താന്‍ എടുത്ത നിലപാടില്‍ നിന്നും ആര്‍ക്കും അദ്ദേഹത്തെ പിന്തിരിപ്പിക്കാന് കഴിയില്ലായിരുന്നു. അവസാന ശ്വാസം വരെ തനിക്ക് ശരിയെന്ന് തോന്നുന്നതിനായി പോരാടാന്‍ പി ടി തോമസിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായ പ്രവര്‍ത്തിക്കുമ്പോഴും, ഇപ്പോള്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിക്കുമ്പോഴുമൊന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ യാതൊരുമാറ്റവമുണ്ടായിരുന്നില്ല. വളരെയേറെ ജനകീയനായ ഒരു നേതാവായിരുന്നു പി ടി തോമസ്. ജനങ്ങളുമായി ബന്ധപ്പെടുന്ന വിഷയങ്ങളില്‍ രാഷ്ട്രീയമായ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി നിര്ത്തപ്പെടണമെന്ന് വിശ്വസിച്ചയാളാണ് അദ്ദേഹം.
പി.ടി തോമസിന്റെ സംസ്കാരം നാളെ വൈകുന്നേരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകരം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നിലവിൽ വെല്ലൂരിലെ ആശുപതിയിലുള്ള മൃതദേഹം ഇന്ന് വൈകുന്നേരം റോഡ് മാർഗം ഇടുക്കി ഉപ്പുതോടുള്ള അദ്ദേഹത്തിന്റെ കുടുംബ വീട്ടിലെത്തിക്കും. അവിടെ നിന്നും നാളെ പുലർച്ചെ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം രാവിലെ ഏഴ് മണിക്ക് ഡിസിസി ഓഫീസിലും എട്ടരയ്ക്ക് എറണാകുളം ടൗൺ ഹാളിലും ഉച്ചയ്ക്ക് തൃക്കാക്കര കമ്യുണിറ്റി പൊതുദർശനത്തിനും വയ്ക്കും. വൈകുന്നേരം ആറ് മണിക്കാണ് സംസ്കാരം. എറണാകുളത്ത് രാഹുൽ ഗാന്ധി അന്തിമോപചാരമർപ്പിക്കും.
മരണത്തിനു ഒരു മാസം മുൻപ് തന്നെ തന്റെ മരണാന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് കൃത്യമായ മാർഗനിർദേശം നൽകിക്കൊണ്ടാണ് പി.ടി തോമസിന്റെ വിയോഗം. ഏറ്റവും അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവുമായ ഡിജോ കപ്പനുമായാണ് തന്റെ അന്ത്യാഭിലാഷങ്ങൾ പി.ടി സുഹൃത്തിനെ അറിയിച്ചത്.
താങ്ങാനാവുന്നതിനുമപ്പുറമാണ് പി ടി യുടെ വിയോഗമെന്ന് ഹൈബി ഈഡൻ എംപി. “മരണത്തിന് പോലും തോൽപ്പിക്കാനാവത്ത ആദർശധീരൻ. നഷ്ടപ്പെടുന്നത് ഏറെ സ്നേഹിക്കുന്ന ജേഷ്ഠ സഹോദരനെ.” ഈ നഷ്ടം കോൺഗ്രസ് പ്രസ്ഥാനത്തിനും പൊതു സമൂഹത്തിനും എക്കാലവും നികത്താനാവാത്തതാണെന്നും ഹൈബി ഫെയ്സ്ബുക്കിൽ കുറിച്ചു.
പി.ടി തോമസ് നിലപടുകളിൽ ദാർഢ്യം പുലർത്തിയ നേതാവാണെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. അദ്ദേഹം സ്വീകരിച്ച ഉറച്ച നിലപാടുകളെ വിലമതിക്കാതിരിക്കാനാവില്ലെന്ന് സ്പീക്കർ പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പി.ടിയെ അനുസ്മരിച്ചത്.
പി.ടി തോമസിന്റെ മരണത്തെ തുടർന്ന് രാഹുൽ ഗാന്ധി വയനാട് പങ്കെടുക്കാനിരുന്ന പരിപാടികൾ റദ്ദാക്കി. കൊച്ചയിലേക്ക് തിരിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത്. വ്യക്തിപരമായും സംഘടനാപരമായും അത്യന്തം ദുഖമുണ്ടാക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ വേർപാട്. വിവിധ വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കാൻ പിടി തോമസിന് കഴിഞ്ഞിരുന്നുവെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിച്ചു
പി.ടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഷാഫി പറമ്പിൽ. “ധീരനായ കോൺഗ്രസ്സുകാരൻ, സ്നേഹസമ്പന്നനായ സഹപ്രവർത്തകൻ, നിലപാടും ദീർഘവീക്ഷണവമുള്ള പൊതുപ്രവർത്തകൻ. പി ടി യെ പോലെ പി ടി മാത്രം. നഷ്ടം കോൺഗ്രസ്സിന് മാത്രമല്ല കേരളത്തിനാണ്. എഴുതാൻ,പറയാൻ,ഓർക്കാൻ ഒരുപാടുണ്ട് … ഇപ്പോ പറ്റുന്നില്ല.” ഷാഫി ഫെയ്സ്ബുക്കിൽ കുറിച്ചു.
പിടി ഇടുക്കിയുടെ എംപി ആയിരുന്നപ്പോഴും പിന്നീടും വര്‍ഷങ്ങളോളം തോളോടു തോള് ചേര്‍ന്നു പ്രവര്‍ത്തിച്ചതാണ് അദ്ദേഹത്തോടൊപ്പം. അന്നത്തെ ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്. പിടിയുടെ അകാല വേര്‍പാട് താങ്ങാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് സര്വേശ്വരന് കരുത്ത് പകരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിടി തോമസ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും മൂന്നു ദിവസം ദുഖാചരണം നടത്താന്‍ തീരുമാനിച്ചതായും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി അറിയിച്ചു.
കേരളരാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്ന പി.ടി.തോമസ് എം.എല്‍.എയുടെ വിയോഗം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും പൊതുമണ്ഡലത്തിനും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ. പാര്‍ലമെന്ററി രംഗത്ത് ഏത് വിഷയവും കൈകാര്യം ചെയ്യുന്നതിനും ബോധ്യപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. കക്ഷി രാഷ്ടീയത്തിനധീതമായി എല്ലാ രംഗത്തുള്ളവരുമായി സൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു പി.ടി. ഞാനുമായി എന്നും വലിയ സൗഹൃദം സൂക്ഷിക്കാന്‍ പി.ടി ശ്രമിച്ചിരുന്നു. തന്റെ നിലപാടുകള്‍ എവിടെയും സധൈര്യം പ്രകടിപ്പിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളായിരുന്നു. പി.ടി തോമസിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. പിടി തോമസിന്റെ സ്മരണകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്ക് ചേരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വ്യത്യസ്തമായ നിലപാടുകള്‍ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.