/indian-express-malayalam/media/media_files/uploads/2022/03/Pinarayi-Vijayan-.jpg)
കൊച്ചി: ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും ആ കാര്യങ്ങൾ കാലങ്ങളായി ആവർത്തിക്കുകയാണ്, ഇത് തിരുത്തണം. ഈ രീതി തുടർന്നാൽ പല മേഖലകളെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളത്തിൽ നയരേഖ അവതരണത്തിനിടെ നോക്കുകൂലി അടക്കമുള്ള തെറ്റായ പ്രവണതകളെ ചൂണ്ടികാണിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
നയരേഖയിൽ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചും നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും പറയുന്ന അവസരത്തിലാണ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെ കുറിച്ചും മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തെ വ്യവസായ സൗഹൃദമാക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഇത്തരം പരാതികൾ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു മണിക്കൂർ കൊണ്ടാണ് മുഖ്യമന്ത്രി നയരേഖ അവതരിപ്പിച്ചത്. കശുവണ്ടി, കയർ അടക്കമുള്ള പരമ്പരാഗത മേഖലകളിൽ ഗുണകരമായ കാര്യങ്ങൾ നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിർത്താനുള്ള ഉത്തരവാദിത്തം സർക്കാരിന്റെ മാത്രമല്ലെന്നും തൊഴിലാളികൾക്കും അതിൽ ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നയരേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി വികസന പദ്ധതികൾ തയ്യാറാക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലെത്തിക്കണം. സ്വകാര്യ പങ്കാളിത്തത്തോടെ വൻകിട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണം. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം കൂട്ടണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉൽപാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദമായ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖയിൽ പറയുന്നു.
Also Read: രണ്ട് ജില്ലകളിൽ കടുത്ത വിഭാഗീയത, എറണാകുളം സമ്മേളനം ശോഭ കെടുത്തിയെന്ന് സിപിഎം സംസ്ഥാന സമ്മേളനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.