തിരുവനന്തപുരം: എംപി ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എംപി ഫണ്ട് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. വിഭവസമാഹരണത്തിന്റെ ഭാഗമായി എംപി ഫണ്ട് എടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ന്യായമല്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഈ ഘട്ടത്തില്‍ എംപി ഫണ്ട് പൂര്‍ണമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനവും ചികിത്സയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങളില്‍ വിനിയോഗിക്കാന്‍ നിര്‍ദേശം നല്‍കുകയാണു കേന്ദ്രം ചെയ്യേണ്ടത്. രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് നിര്‍ത്താനുള്ള തീരുമാനം പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കും.

Also Read: കഥയറിയാതെ ആട്ടം കാണുന്നു, ഇതാണ് ‘സാക്ഷാൽ’ മുല്ലപ്പള്ളി: പിണറായി വിജയൻ

കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിനു കേന്ദ്രം നല്‍കിയ ധനസഹായം അസന്തുലിതവും വിവേചനപരവുമാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എം.പി. ഫണ്ട് വിനിയോഗിക്കാന്‍ ചില എം. പിമാര്‍ തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനമുണ്ടായതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ധനസമാഹരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.