തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധയൂന്നി നിൽക്കുമ്പോൾ അതിന്റെ വ്യാപനത്തിനിടയാക്കുന്ന പ്രവർത്തനങ്ങളാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ദയനീയാവസ്ഥ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കോവിഡ് പ്രതിരോധ ഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം ആൾക്കൂട്ടം ഉണ്ടാകാതിരിക്കുകയെന്നതാണ്. എങ്ങനെയെങ്കിലും ഇത് കൂടുതൽ പടരട്ടെയെന്ന നില വന്നപ്പോൾ ഹൈക്കോടതി തന്നെ നേരത്തെ ഇടപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന നിലയിലാണ് ചിലർ പെരുമാറുന്നത്. മാസ്ക്ക് ധരിക്കാതെ, ശാരീരിക അകലം പാലിക്കാതെ പൊതുയിടങ്ങളിൽ ഇടപഴകൻ നിയമപ്രകാരം ആർക്കും അധികാരമില്ല. അതെല്ലാം ലംഘിച്ച് പൊലീസിന് നേരെ ചീറിയടുക്കുന്ന ആളുകളെയല്ലേ കാണുന്നത്. അവർ ഈ നാടിന്റെ തന്നെ സുരക്ഷയെയാണ് ഇല്ലാതാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിരോധം തകർക്കാനും നാടിന്റെ ക്രമസമാധാനം തകർക്കാനുമുള്ള നീക്കം തടയേണ്ടത് സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി പന്താടാനുള്ളതല്ല സാധാരണക്കാരുടെ ജീവിതം. നാട്ടിലാകെ കോവിഡ് പരത്താനുള്ള ശ്രമത്തെ വച്ചുപൊറുപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: ‘അത്രമാത്രം മാനസിക നില തെറ്റിയ ഒരാൾ’; കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി

എന്നാൽ ജനാധിപത്യ സമൂഹത്തിൽ സമരങ്ങളെ നിയന്ത്രിക്കേണ്ടത് അതിന്റെ നേതൃത്വം തന്നെയാണ്. സർക്കാർ തലത്തിൽ അത് നിയന്ത്രിക്കുന്നത് അത്ര ആരോഗ്യകരമായിരിക്കില്ല. ആദ്യം സമരത്തിന് തയ്യാറെടുക്കുന്നവർ തന്നെ നിയന്ത്രണങ്ങൾ പാലിക്കണം. സർക്കാർ ഏതെങ്കിലും തരത്തിലുള്ള നിരോധനവും മറ്റ് നിയന്ത്രണങ്ങളും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി.

ജലീൽ തെറ്റൊന്നും ചെയ്തട്ടില്ലെന്നും ഇങ്ങനെ പെരുമാറുന്നവർക്ക് വ്യക്തമായ ഉദ്ദേശമുണ്ടെന്നും അതിന്റെ പുറത്ത് നാട് തന്നെ കുട്ടിച്ചോറാക്കുന്ന നിലയിലേക്കാണ് പോയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കൃത്യമായി രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. നേരത്തെ വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നാണ് അദ്ദേഹം എൽഡിഎഫിലെത്തുന്നത്. അതിനോടുള്ള പക ഒരുകാലത്തും ചിലർക്ക് വിട്ടുമാറുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കെ.ടി ജലീൽ അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യം വ്യക്തമാക്കി കഴിഞ്ഞു. എന്ത് ആരോപണമാണ് അദ്ദേഹത്തിന് നേരെയുള്ളത്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹത്തിനെതിരെ വലിയ തോതിൽ ആക്ഷേപങ്ങൾ ഉന്നയിച്ച് കേരളത്തിന്റെ പൊതുവായ അന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നിട്ടുള്ളത്. അതിന് അദ്ദേഹം കുറ്റക്കാരനാകില്ല. അദ്ദേഹത്തോട് നേരത്തെ വിരോധമുള്ള ചിലരുണ്ട്, അദ്ദേഹവുമായി സമരസപ്പെട്ട് പോകാൻ ബുദ്ധിമുട്ടുള്ളവരും കാണും.

മതഗ്രന്ഥവും സക്കാത്തും ജലീൽ ആവശ്യപ്പെട്ടട്ടില്ല. കോൺസുലേറ്റ് ഇത്തരം ഒരു കാര്യം ചെയ്യാൻ ആഗ്രഹിച്ചപ്പോൾ സംസ്ഥാനത്ത് ന്യൂനപക്ഷ കാര്യം കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം അതിനുവേണ്ട സഹായം ചെയ്തുകൊടുക്കുക മാത്രമാണ് ചെയ്തത്. അത് എങ്ങനെയാണ് കുറ്റമായിട്ട് വരിക. കെ.ടി ജലീൽ രാജിവയ്ക്കാനും മാത്രമുള്ള എന്ത് പ്രശ്നമുള്ളതെന്ന് മുഖ്യമന്ത്രി. നിയമലംഘനം കർശനമായി തന്നെ നേരിടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.