തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സര്‍വകലാശാലയിലെത്തി. കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുത്തത്. തിരഞ്ഞെടുപ്പ് ചൂടില്‍ മുഖ്യമന്ത്രി ക്യാംപസില്‍ നടത്തിയ പ്രസംഗത്തിലും രാഷ്ട്രീയം കയറി വന്നു.

കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് പിണറായി വിജയന്‍ ഉയര്‍ത്തിയത്. വിദ്യാര്‍ഥികളോട് രാഷ്ട്രീയം സംസാരിച്ചാണ് മുഖ്യമന്ത്രി പ്രസംഗം പൂര്‍ത്തിയാക്കിയത്. ഭരണഘടനാ പദവിയേക്കാളും തനിക്ക് വലുത് ആര്‍എസ്എസ് പ്രചാരക് എന്ന സ്ഥാനമാണെന്ന നിലപാട് പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്ര മോദി കാണിച്ചത് നമ്മുടെ രാജ്യത്തിന്റെ അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശുവിന്റെ പേരിലുള്ള അക്രമങ്ങളും, ഉത്തരേന്ത്യയിലെ ആര്‍എസ്എസ് അക്രമങ്ങളും അക്കമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

Read More: ‘രാഹുല്‍ കേരളത്തില്‍ സ്ഥാനാര്‍ഥിയാകുന്നത് എന്ത് സന്ദേശമാണ് നല്‍കുക?’: മുഖ്യമന്ത്രി

വര്‍ഗീയതയും നവോത്ഥാനവും ബന്ധപ്പെടുത്തി ശബരിമല വിഷയത്തെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. നാല് സീറ്റിനും ഏതാനും വോട്ടുകള്‍ക്കും വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ നടക്കരുത്. അത്തരമൊരു കാര്യം നമ്മുടെയെല്ലാം മനസില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി സദസിനെ ഓര്‍മ്മിപ്പിച്ചു.

എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിവിധ മണ്ഡലങ്ങളില്‍ പരിപാടികളുണ്ട്. പ്രചാരണ പരിപാടികളിലും മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെയും പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ഥിത്വം കൊണ്ട് കോണ്‍ഗ്രസ് എന്ത് രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook