തൃശൂര്‍: വ്യത്യസ്ത അഭിപ്രായങ്ങളെയും നിലപാടുകളെയും അംഗീകരിക്കാത്ത നിലപാടാണ് ബിജെപിക്കും സംഘപരിവാറിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ ജീവിക്കാന്‍ തന്നെ അനുവദിക്കില്ല എന്ന നിലപാടാണ് ആര്‍എസ്എസിനുള്ളത്. ജെഎന്‍യുവിലും ജാമിയ മിലിയയിലും കാണുന്നത് അതാണ്. എല്ലാവരും ഞങ്ങളെ അനുസരിച്ചോളണം എന്ന ഫാസിസ്റ്റ് നിലപാടാണ് ബിജെപിക്കെന്നും പിണറായി വിജയന്‍ പറഞ്ഞു. തൃശൂരില്‍ ഭരണഘടന സംരക്ഷണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമത്തിനെതിരെ കേരളം പ്രമേയം പാസാക്കിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ഒരു സര്‍ക്കാരിന്റെ കടമ. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാണ്. അതിനാലാണ് ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ മറ്റൊന്നും ആലോചിച്ചു നില്‍ക്കാതെ കേരളത്തില്‍ പ്രമേയം പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ജനസംഖ്യ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പൗരത്വ രജിസ്റ്ററിലേക്കുള്ള നീക്കമാണ് ദേശീയ ജനസംഖ്യ രജിസ്റ്ററിലൂടെ കേന്ദ്രം ലക്ഷ്യംവയ്‌ക്കുന്നത്. അതിനാൽ ദേശീയ ജനസംഖ്യ രജിസ്റ്റർ ഒരുതരത്തിലും കേരളത്തിൽ നടപ്പിലാക്കില്ല എന്ന് ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒറ്റക്കെട്ടായാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി തൃശൂരിൽ പറഞ്ഞു.
Read Also: താൻ ബിജെപിക്കാരനായിരിക്കും; സർക്കാർ ഡോക്‌ടറോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് അഖിലേഷ് യാദവ്, വീഡിയോ
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സൂട്ട് സമർപ്പിച്ചു. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഹർജിയിൽ സർക്കാർ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
ആർട്ടിക്കിൾ 131 പ്രകാരമാണ് സൂട്ട് ഫയൽ ചെയ്തിരിക്കുന്നത്. നിയമം ഭരണഘടനയുടെ 14, 21, 25 അനുച്ഛേദങ്ങൾ ലംഘിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു. തുടക്കം മുതലേ നിയമത്തിനെതിരെ രംഗത്തു വന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചപ്പോൾ ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ മാത്രമാണ് എതിർത്തത്.