മാതാ അമൃതാനന്ദമയി ശബരിമല കർമ്മ സമിതിയുടെ അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ശബരിമല കർമസമിതിയുമായി വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നടത്തി. ഇത്തരത്തിൽ നേരത്തെയും ആർഎസ്എസ് നടത്തിയിരുന്നെങ്കിലും അന്ന് അവർ അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം കാണിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്തവണ അമൃതാനന്ദമയിയുടെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവർക്കുംപോലും ഇത്തരത്തിൽ വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ല എന്ന നിലപാട് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നത്,” മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സമൂഹത്തിലെ എല്ലാവിഭാഗവും നല്ല രീതിയിൽ അണിനിരന്ന വനിതാ മതിൽ സമത്വത്തിന് വേണ്ടിയുള്ള സ്ത്രീ ഇടപെടലിൽ ഏറ്റവും കരുത്തുറ്റതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി വിപുലീകൃത രൂപത്തിൽ നവോത്ഥാന സംരക്ഷണത്തിനുള്ള നടപടികളാണ് വേണ്ടത്. തുടർനടപടികളിൽ എല്ലാ വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും പങ്കാളിത്തമുണ്ടാക്കാൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.