തിരുവനന്തപുരം: ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനീതി സംഘം വന്നപ്പോള്‍ പൊലീസ് നാറാണത്തു ഭ്രാന്തന്റെ അവസ്ഥയിലായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറി. ശബരിമലയില്‍ പല ഉദ്യോഗസ്ഥരും സ്വന്തം താല്‍പര്യപ്രകാരമാണ് പ്രവര്‍ത്തിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഡിവൈഎസ്‌പി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. പൊലീസില്‍ ആര്‍എസ്എസ് ഏജന്റുമാരുണ്ടെന്നും പിണറായി വിമർശിച്ചു.

കസ്റ്റഡി മരണത്തിന്റെ സാഹചര്യവും മുഖ്യമന്ത്രി വിമർശിച്ചു. പ്രതികളെ മര്‍ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്ന് പിണറായി പറഞ്ഞു. കസ്റ്റഡി മര്‍ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി  വിജയൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി. മൂന്നാം മുറ പോലുള്ള സംഭവങ്ങൾ ഒരിക്കലും ഇനി ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നെടുങ്കണ്ടം കസ്റ്റഡി മരണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. സംസ്ഥാനത്ത് പൊലീസ് അതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സേനയ്ക്കുള്ളില്‍ അടിമുടി മാറ്റം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. കസ്റ്റഡി മര്‍ദനങ്ങള്‍ സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് നിര്‍ണായക യോഗം വിളിച്ചത്. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

ഡിവൈഎസ്‌പിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. അഡീഷണൽ എസ്‌പിമാർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ വരെയുള്ള ഉദ്യോഗസ്ഥർ ഓരോ ജില്ലകളിൽ നിന്നും വീഡിയോ കോണ്‍ഫറൻസിങ് വഴി പങ്കെടുക്കുകയായിരുന്നു. ഡിജിപി നിലവിലുള്ള ക്രമസമാധാനനിലയെ കുറിച്ചും പൊലീസ് സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ആമുഖ പ്രസംഗത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ സൂചിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.