തിരുവനന്തപുരം: കര്‍ണാടകയിലെയും ഗോവയിലെയും രാഷ്ട്രീയ നാടകങ്ങളെ വിമര്‍ശിച്ച് പിണറായി വിജയന്‍. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നവരെ പരിഹസിച്ച് പിണറായി വിജയന്‍ തിരുവനന്തപുരത്ത് പ്രസംഗിച്ചു. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് മുന്‍പേ പറഞ്ഞതാണ്. എപ്പോഴാണ് അവര്‍ ബിജെപിയിലേക്ക് പോകുക എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഇപ്പോള്‍ അതാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
Read Also: ‘എന്തിനാണ് നിങ്ങള്‍ ചൈനയെ ആക്ഷേപിക്കുന്നത്’; ബല്‍റാമിനോട് പിണറായി
“ബിജെപി ഒഴുക്കുന്ന പണത്തിന് കൈയ്യും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടി പോകുന്ന ആട്ടിൻകുട്ടിയെ പോലെ പോകാന്‍ കുറേ…ശരിയായ വാക്കുണ്ട്. അത് ഞാന്‍ പറയുന്നില്ല. നിങ്ങള്‍ അവിടെ ഒരു ഡാഷ് ഇട്ടാല്‍ മതി. അങ്ങനെയുള്ള ആളുകളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായി ഇരിക്കുന്നത്”- പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയെയും പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു. വിജയിക്കുമ്പോള്‍ മാത്രമാണോ നേതൃത്വം വേണ്ടത് എന്ന് പിണറായി ചോദിച്ചു. പ്രതിസന്ധികളുണ്ടാകുമ്പോഴും സംഘടനയെ നയിക്കാന്‍ കഴിയണം. കോണ്‍ഗ്രസ് ഏറ്റവും അപഹാസ്യമായ നിലയില്‍ എത്തി നില്‍ക്കുകയാണ്. ബിജെപിക്ക് നേതാക്കളെയും അണികളെയും സംഭാവന ചെയ്യുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും പിണറായി കുറ്റപ്പെടുത്തി.